പോര്‍ട്ട്‌ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യു.എസ്‌. പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ഊര്‍ജ്ജിത ശ്രമം. ഇതിന്റെ ഭാഗമായി ഒരു വിഭാഗം പൊലീസ് സംഘം ശനിയാഴ്ച്ച ദ്വീപിന് അടുത്ത് ബോട്ടില്‍ എത്തി. കടല്‍തീരത്ത് ഗോത്രവര്‍ഗ്ഗക്കാർ  ആയുധങ്ങളുമായി നില്‍ക്കുന്നത് കണ്ടെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്  പൊലീസ് മേധാവി ദേപേന്ദ്ര പഥക് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

കടല്‍തീരത്ത് നിന്നും 400 മീറ്റര്‍ അകലെ ബോട്ട് നിര്‍ത്തി ബൈനോക്കുലറിലൂടെയാണ് പൊലീസ് നിരീക്ഷണം നടത്തിയത്. അമ്പുകളും കുന്തങ്ങളുമായി കരയില്‍ നില്‍ക്കുകയായിരുന്നു ഗോത്രവര്‍ഗക്കാരെന്ന് പൊലീസ് വ്യക്തമാക്കി. ചൗവിന്റെ മൃതദേഹം കുഴിച്ച് മൂടിയത് കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ സ്ഥലത്താണ് ഗോത്രവര്‍ഗക്കാരെ കണ്ടത്.

‘അവര്‍ ഞങ്ങളെ തന്നെ നോക്കി നിന്നു, ഞങ്ങള്‍ അവരേയും നോക്കി നിന്നു,’ പഥക് പറഞ്ഞു. ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ പൊലീസ് ഉടന്‍ തന്നെ പിന്‍വാങ്ങുകയായിരുന്നു. സെന്റിനെലസ് ഗോത്രവര്‍ക്കാരെ ബുദ്ധിമുട്ടിക്കാതെ മൃതദേഹം വീണ്ടെടുക്കാനാണ് പൊലീസ് ശ്രമം.

ഈ മാസം 17 നാണ് ജോണ്‍ കൊല്ലപ്പെട്ടതെന്നും പൊലീസ്‌ വ്യക്‌തമാക്കി. 2006 ല്‍ ദ്വീപില്‍ കടന്ന രണ്ട്‌ മത്സ്യത്തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. അതേ സമയം, ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ നിർദ്ദേശങ്ങള്‍ മുന്നോട്ടുവച്ച്‌ പ്രശസ്‌ത നരവംശ ശാസ്‌ത്രജ്‌ഞന്‍ ടി.എന്‍ പണ്ഡിറ്റ്‌ മുന്നോട്ടു വന്നു. 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ചു ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണു 83 വയസുകാരനായ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. നാളികേരം, ഇരുമ്പ്‌ കഷണങ്ങള്‍ എന്നിവ സെന്റിനെലസ്‌ ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ്‌ അദ്ദേഹത്തിന്റെ നിര്‍ദേശം. ഉച്ചയ്‌ക്കോ വൈകുന്നേരമോ ചെറിയ സംഘം തീരത്തേയ്ക്ക്  പോയാല്‍ ഗോത്രവര്‍ഗക്കാര്‍ തീരത്ത്‌ ഉണ്ടാകില്ലെന്നും ആ സമയത്തു തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കിയാല്‍ മൃതദേഹം എടുക്കാന്‍ അവര്‍ അനുവദിക്കുമെന്നും പണ്ഡിറ്റ്‌ പറഞ്ഞു.

എന്നാല്‍, വേഷത്തിലും രൂപത്തിലും ഗോത്രവര്‍ഗക്കാരെ അനുകരിച്ചാല്‍ മാത്രമേ ദ്വീപില്‍ സുരക്ഷിതമായി പ്രവേശിക്കാന്‍ കഴിയൂ എന്നാണു മറ്റൊരു വിഭാഗം നരവംശ ശാസ്‌ത്രജ്‌ഞരുടെ നിലപാട്‌. ഗോത്രവര്‍ഗക്കാരുടെ വിശ്വാസം നേടണമെങ്കില്‍ നഗ്നരായി വേണം അവരെ സമീപിക്കേണ്ടതെന്ന് ഗവേഷകനായ അനൂപ്‌ കപുര്‍ പറഞ്ഞു. ആമയെയും പന്നിയെയും വേട്ടയാടിയാണ്‌ അവര്‍ ജീവിക്കുന്നത്‌. ആധുനിക മനുഷ്യരില്‍നിന്നു ചെറിയ അണുബാധ പടര്‍ന്നാല്‍പ്പോലും ഗോത്രവര്‍ഗക്കാര്‍ മുഴുവന്‍ മരിക്കും- അതിനാല്‍ ദ്വീപില്‍ പ്രവേശിക്കരുതെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook