ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനന്ത്‌കുമാര്‍ ഹെഗ്ഡെ നടത്തിയ വിവാദപരാമര്‍ശത്തിന്‍റെ പേരില്‍ പാര്‍ലമെന്‍ററിലെ ഇരുസഭകളും സ്തംഭിച്ചു. “ഞങ്ങള്‍ ഉടന്‍ തന്നെ ഭരണഘടന മാറ്റും” എന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തില്‍ മറുപടി പറയാതെ ബിജെപി വിട്ടുനിന്നപ്പോള്‍ ഉത്തരം ലഭിക്കാത്ത പ്രതിപക്ഷ കക്ഷികള്‍ അനന്ത്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചു.
അനന്ത്കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണം എന്നാവശ്യമുന്നയിച്ചു സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ “അംബേദ്കറിനെ അപമാനിക്കുന്നത് ഞങ്ങള്‍ അനുവദിച്ചു തരില്ല” എന്നും മുദ്രാവാക്യം മുഴക്കി. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഘെയാണ് വിഷയം ഉന്നയിച്ചത്. രാജ്യസഭയില്‍ വിഷയമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഹെഗ്ഡെയ്ക്ക് ” പാര്‍ലമെന്റില്‍ തുടരാനുള്ള അവകാശമില്ല” എന്നും പറഞ്ഞു.
ഹെഗ്ഡെയുടെ പ്രസ്താവനയോട് സര്‍ക്കാര്‍ വിയോജിക്കുന്നുണ്ട് എന്നാണ് പാര്‍ലമെന്‍ററി കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വിജയ് ഗോയല്‍ മറുപടി പറഞ്ഞത്.
കര്‍ണാടകത്തിലെ കൊപ്പാലില്‍ നടന്ന ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഭരണഘടനയെ മാറ്റുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ”മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്” എന്ന് പറഞ്ഞ അനന്ത്കുമാര്‍ ഹെഗ്ഡെ, ഓരോരുത്തരും മുസ്ലീം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു. “പക്ഷെ അവർ മതേതരരാണ് എന്ന് പറയുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.” നൈപുണ്യ വികസനത്തിന്‍റെയും സംരംഭകത്വത്തിന്‍റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പറഞ്ഞു.