ബെംഗളൂരു: അര്‍ബുദ രോഗബാധയെ തുടര്‍ന്ന് അന്തരിച്ച കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എച്ച്.എൻ.അനന്തകുമാറിന്റെ മൃതദേഹം ബെംഗളൂരുവില്‍ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. വൈകിട്ട് 3 മണിയോടെ ചാംരാജപേട്ടിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. ഭസവനഗുഡിയില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം മല്ലേശ്വരത്തുളള ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. നാവികസേന, വ്യോമസേന, സൈന്യം എന്നിവരുടെ വാഹന അകമ്പടികളോടെയാണ് ഭൗതികശരീരം ബിജെപി ആസ്ഥാനത്ത് എത്തിച്ചത്. നാഷണല്‍ കോളേജ് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം ചാംരാജപേട്ടില്‍ സംസ്കാരം നടന്നു.

അദ്ദേഹത്തിന്റെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ അടക്കമുളളവര്‍ അനന്ത് കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ബിജെപി നേതാക്കളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് 59 വയസുകാരനായ അനന്ത് കുമാര്‍ അന്തരിച്ചത്. കാൻസര്‍ രോഗബാധയെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ 2.30ന് ബെംഗളൂരുവിലെ ബസവനഗുഡിയിലാണ് അനന്തകുമാർ നിര്യാതനായത്. ലണ്ടന്‍, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് അനന്ത് കുമാർ ബെംഗളൂരുവില്‍ തിരിച്ചെത്തിയത്.

നരേന്ദ്ര മോദി സർക്കാരില്‍ പാര്‍ലമെന്ററി കാര്യം, രാസവളം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല അനന്ത് കുമാറിനായിരുന്നു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ കേന്ദ്ര സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കര്‍ണാടക ബി ജെ പി അധ്യക്ഷനായിരുന്നു. ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ നിന്നും തുടർച്ചയായി ഇത് ആറാം തവണയാണ് അനന്ത് കുമാർ ലോക്സഭയിലെത്തിയത്. 2014 ലോക്സഭ ഇലക്ഷനിൽ കോൺഗ്രസിന്റെ നന്ദൻ നിലേകനിയെയാണ് അനന്ത് കുമാർ പരാജയപ്പെടുത്തിയത്.

അനന്ത് കുമാർ സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് കർണാടകത്തിൽ ബിജെപി ആദ്യമായി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലും അത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപിക്ക് സാധിച്ചു. ഈ വിജയങ്ങളോടെ അനന്ത് കുമാർ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2004ൽ അദ്ദേഹം ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി. ലോക്സഭയിൽ ബിജെപിയുടെ പരിചയസമ്പന്നനായ അംഗമായിരുന്നു അനന്ത് കുമാർ.

ടൂറിസം, യുവജനക്ഷേമം, നഗരവികസനം തുടങ്ങിയ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായിട്ടുണ്ട്. 1959 ജൂലൈ 29ന് ബെംഗളൂരുവിലാണ് അനന്ത് കുമാർ ജനിച്ചത്. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി. തുടർന്ന് രാഷ്ട്രീയ സ്വയം സേവക് സംഘത്തിലും ബിജെപിയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുമെത്തി. ബിഎ, എൽഎൽബി ബിരുദങ്ങളുണ്ട്. കർണാടകത്തിലെ ബിജെപി നേതാക്കളില്‍ പ്രമുഖനായിരുന്നു. ഡോ. തേജസ്വിനി അനന്ത് കുമാറാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവരാണ് മക്കൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ