/indian-express-malayalam/media/media_files/uploads/2017/05/is-1.jpg)
ആ മരണവാർത്ത കുടുംബം അറിയുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. അതിന് ഒരാഴ്ച മുൻപ് വരെ ടെലഗ്രാം എന്ന ആപ്ലിക്കേഷനിലൂടെ 'ദി ഇന്ത്യൻ എക്സ്‌പ്രസു'മായി അയാൾ സംസാരിച്ചിരുന്നു. 2016 സെപ്റ്റംബർ മുതൽ തുടർച്ചയായി എട്ട് മാസം സന്ദേശങ്ങൾ അയച്ചു. അഫ്‌ഗാനിസ്ഥാനിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനത്ത് നടക്കുന്ന വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതരീതികളെ കുറിച്ച് അയാൾ പറഞ്ഞിരുന്നു. കേരളത്തിലെ പാലക്കാട് നിന്ന് അഫ്‌ഗാനിസ്ഥാനിലെ നൻഗർഹർ വരെയുള്ള യാത്രയെ കുറിച്ച്, അയാളുടെ കുഞ്ഞിന്റെ ജനനവും, സ്വന്തം മരണം ആഗ്രഹിക്കുന്ന ജീവിതവും ആ സന്ദേശങ്ങളിൽ വ്യക്തമാക്കി.
യഹിയ എന്ന പേര് സ്വീകരിച്ച് നൻഗർഹറിലേക്ക് പോയ ബെസ്റ്റിൻ വിൻസന്റ്, ഖുറാനും ഹദീസും പരാമർശിച്ചാണ് സന്ദേശങ്ങൾ അയച്ചത്. സഹോദരനും കുടുംബാംങ്ങൾക്കുമൊപ്പം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ യഹിയ പക്ഷെ, കൂടെയുള്ള മറ്റ് മലയാളികളുടെ യാതൊരു വിവരവും പങ്കുവച്ചില്ല. ഇയാൾ പറഞ്ഞ കാര്യങ്ങളുടെ സാധുത ഇന്ത്യൻ എക്സ്‌പ്രസിന് ഒറ്റയ്ക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്നവയല്ല.
ഏപ്രിൽ 22 ന് അയച്ച അവസാന സന്ദേശത്തിൽ അമേരിക്കൻ ബോംബാക്രമണത്തെ കുറിച്ചായിരുന്നു 26 വയസ്സുള്ള ഈ യുവാവ് വ്യക്തമാക്കിയത്. "ഹഹഹ... ഒരു ഈച്ചയെയെങ്കിലും അത് നോവിച്ചിട്ടുണ്ടോയെന്ന് ഞങ്ങൾ സംശയിക്കുന്നു" എന്ന വാക്കുകളിൽ യുഎസ് ആക്രമണം തീർത്തും പരാജയമാണെന്ന സൂചനയാണ് ലഭിച്ചത്. ഇതോടൊപ്പം അയച്ച ഓഡിയോ സന്ദേശത്തിൽ അമേരിക്കയുടെ ഫൈറ്റർ ജെറ്റുകളാണ് ആക്രമണം നടത്തിയതെന്ന് ഇദ്ദേഹം ആരോപിക്കുന്നു. "നൻഗർഹറിന്റെ തലസ്ഥാനമായ ജലാലാബാദിൽ നിന്ന് 35 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ശാദൽ-ഇൻ-ആച്ചിൻ എന്ന സ്ഥലത്താണ് ഈ ആക്രമണം നടന്നത്." ഈ സമയത്ത് യഹിയ ഇവിടെയുണ്ടായിരുന്നില്ലെന്നും ഓഡിയോ ക്ലിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ രണ്ട് ദിവസം മുൻപ്, കേരളത്തിലെ ഒരു സാമൂഹ്യപ്രവർത്തകന് ലഭിച്ച സന്ദേശത്തിൽ, യഹിയ യുഎസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ 21 അംഗങ്ങളിൽ ഒരാളായ അഷ്‌ഫാക് മജീദ് കെ.പി ആണ് ഈ അറിയിപ്പ് ടെലഗ്രാമിലൂടെ നൽകിയത്. യഹിയയുടെ പിതാവ് വിൻസന്റ് ഫ്രാൻസിസ് ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
യഹിയയുടെ സന്ദേശം-എഡിറ്റ് ചെയ്ത ഭാഗങ്ങൾ
നിങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോവുകയാണോ?
"ഇസ്‌ലാമിക് സ്റ്റേറ്റ് എന്താണെന്നും അതിന്റെ വെല്ലുവിളികളും തിരിച്ചറിഞ്ഞ് തന്നെയാണ് യാതൊരു സംശയവും ഇല്ലാതെ ഞങ്ങൾ വീട് വിട്ട് അഫ്‌ഗാനിസ്ഥാനിലേക്ക് വന്നത്. എംബസിയിൽ നടന്ന അഭിമുഖത്തിന് ശേഷമാണ് ഞങ്ങൾക്ക് വിസ ലഭിച്ചത്. വിവിധ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗത്തിലെ പരിശോധനകൾക്ക് ശേഷമാണ് ഞങ്ങൾ ഇവിടെയെത്തിയത്. ചിലർക്ക് ഞങ്ങളെ സംശയമുണ്ടായിരുന്നു. ഇസ്ലാമിനെ തിരസ്കരിച്ച ഒരു മുസ്‌ലിം, മുർതാദ് ഷിയ, ഞങ്ങളോട്, "നിങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോവുകയാണോ?" എന്ന് ചോദിച്ചിരുന്നു.
"ഒരേ ലക്ഷ്യസ്ഥാനത്തേക്കായിരുന്നു യാത്രയെങ്കിലും, ആർക്കും പിടികൊടുക്കാതിരിക്കാൻ ഞങ്ങൾ സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത സമയത്താണ് സഞ്ചരിച്ചത്."
"യാത്രയിൽ പലയിടത്തും, ഇമിഗ്രേഷൻ വിഭാഗത്തിലെയും വിമാനത്താവളങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംശയങ്ങളെ അല്ലാഹുവിന്റെ സ്വാധീനത്താൽ മറികടന്നു. വസ്ത്രധാരണവും, അവരോട് പറഞ്ഞ കള്ളക്കഥകളും ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താനുള്ള മാർഗങ്ങളായിരുന്നു."
മാതാപിതാക്കളെ വിട്ടൊഴിഞ്ഞതിനെ പറ്റി
"അവരാരും സത്യവിശ്വാസികളായിരുന്നില്ല. അതിനാൽ തന്നെ കുടുംബം വിട്ട് വരിക വളരെ എളുപ്പമായിരുന്നു. അല്ലാഹുവിന്റെ ആഞ്ജയനുസരിച്ച് യുദ്ധം ചെയ്യാനും, വധിക്കാനും വധിക്കപ്പെടാനുമായി ഞങ്ങൾ അവരെ വിട്ടുവന്നു. ഇപ്പോൾ പറയൂ, അവരെ സ്നേഹിക്കുന്നത് കൊണ്ടാണോ വെറുക്കുന്നത് കൊണ്ടാണോ ഞങ്ങൾ കുടുംബത്തെ ഉപേക്ഷിച്ചതെന്ന്?"
പൊലീസ് അന്വേഷണം, ഒരു ലക്ഷം രൂപ
"... വിധിയോട് മനുഷ്യപ്പറ്റില്ലാത്ത മുസ്‌ലിംകൾ തങ്ങൾക്കാവും വിധം ഞങ്ങളെ ട്രാക്ക് ചെയ്യുന്നതിന് പൊലീസിനെ സഹായിച്ചിരുന്നു. മുസ്‌ലിംകൾക്കെതിരായി കാഫിറുകളെ (അവിശ്വാസികളെ) സഹായിക്കുകയായിരുന്നു ഇവർ. ചിത്രങ്ങളടക്കം ഞങ്ങളുടെ എല്ലാ വിവരങ്ങളും അവർ പൊലീസിന് നൽകി. ഞങ്ങളിൽ ചിലർ ചോദ്യം ചെയ്യപ്പെട്ടു. അല്ലാഹുവിന്റെ സഹായത്താൽ അവർക്ക് ഇസ്ലാമിക് സ്റ്റേറ്റിനെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചില്ല. പൊലീസ് ഞങ്ങളെ പരമാവധി ഭീഷണിപ്പെടുത്തിയെങ്കിലും അവരെ എളുപ്പത്തിൽ മണ്ടന്മാരാക്കാൻ ഞങ്ങൾക്കായി."
"പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഞങ്ങളെ ചോദ്യം ചെയ്തു. വീടുകളിൽ റെയ്ഡ് നടത്തി. ചില പൊലീസുകാർ ഞങ്ങളെ സ്ഥിരമായി നിരീക്ഷിച്ചു. ഒടുവിൽ എന്താണ് സംഭവിച്ചത്? അല്ലാഹുവാണ് മികച്ച ആസൂത്രകൻ. വഴിയിൽ മാത്രമല്ല, ഞങ്ങളിൽ ചിലരെ പൊലീസിന് തിരിച്ചറിയാൻ പോലും സാധിച്ചില്ല."
"വളരെയധികം മുൻകരുതലുകൾ ഞങ്ങൾ എടുത്തിരുന്നു. ഫോണിൽ തമ്മിൽ സംസാരിച്ചതേയില്ല. ഞങ്ങൾക്കൊപ്പം വരില്ലെന്ന് അറിയാമായിരുന്ന സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചതേയില്ല. ഞങ്ങളുടെ സഹോദരങ്ങളോട് പോലും യാത്രാ വിവരങ്ങൾ പങ്കുവച്ചില്ല. ഒരാൾ പിടിക്കപ്പെട്ടാൽ ബാക്കിയുള്ളവരെ കുറിച്ച് വിവരം ലഭിക്കാതിരിക്കാനായിരുന്നു ഇത്."
"..യാത്രയ്ക്കുള്ള പണം എവിടെ നിന്ന് സമ്പാദിച്ചെന്ന് ഞാൻ പറഞ്ഞാൽ പൊലീസ് അതിന് പിന്നാലെ പോകും. ഒരു ലക്ഷം രൂപയാണ് ഇതിനായി ശേഖരിച്ചത്. യാത്രയുടെ കാര്യങ്ങൾ ആസൂത്രണം ചെയ്തപ്പോൾ പണം തന്നെയായിരുന്നു പ്രധാന പ്രശ്നം. പക്ഷെ അല്ലാഹുവിന്റെ സഹായത്താൽ എല്ലാം മറികടന്നു."
"ഞാൻ ബിസിനസ് ചെയ്യാൻ പോകുന്നുവെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്. അത് ശരിയാണ്, എന്റെ സമ്പാദ്യവും ജീവനും തന്നെ അല്ലാഹുവിന് വേണ്ടി ബിസിനസ് ചെയ്യാൻ വിറ്റഴിക്കുകയായിരുന്നു. അതിന് പകരം ഞങ്ങൾക്ക് അല്ലാഹു സ്വർഗം തരും."
ഒരു മാസം നീണ്ട യാത്ര
"വീട്ടിൽ നിന്ന് ഇവിടെയെത്താൻ ഏതാണ്ട് ഒരു മാസം എടുത്തു. മിക്ക ദിവസങ്ങളിലും ഞാനും എന്റെ ഭാര്യയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രതിസന്ധി എംബസിയിൽനിന്നും വിസ നേടുന്നതിലായിരുന്നു. വീസ നൽകുന്നത് അവർ നിഷേധിച്ചു. അടുത്തത് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷനായിരുന്നു. അതിന് ശേഷം ലക്ഷ്യസ്ഥാനത്തെ ഇമിഗ്രേഷൻ. ഒരു സഹോദരനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. പക്ഷെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു."
"കള്ളം പറയുന്നത് മുസ്‌ലിംമിന് ചേർന്ന നല്ല സ്വഭാവം അല്ലെങ്കിലും പാതി വഴിയോളം ഞങ്ങൾക്ക് വിനോദസഞ്ചാരികളായി അഭിനയിക്കേണ്ടി വന്നു. അതിനായി കള്ളക്കഥകൾ മെനയേണ്ടി വന്നു.
നിങ്ങൾ പാർക്കിലേക്ക് പോവുകയായിരിക്കും?
"പല സംഘങ്ങളായി യാത്ര ചെയ്ത ഞങ്ങൾ നിശ്ചിത സമയത്ത് ഇന്ത്യ വിടാനായിരുന്നു തീരുമാനിച്ചത്. അതിർത്തിയിൽ കുറച്ച് ദിവസം കാത്തിരുന്ന ആദ്യത്തെ സംഘത്തോട്, ഞങ്ങളെ കടത്തേണ്ടയാൾ ആ വഴിക്ക് സഞ്ചരിക്കാനാവില്ലെന്ന് വ്യക്തമാക്കി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയം. വിസ കാലാവധി തീരുമെന്ന ഘട്ടം പോലുമെത്തി. അപ്പോഴേക്കും അല്ലാഹു മറ്റൊരു വഴി കാണിച്ചു തന്നു."
"ഗർഭിണിയായ ഭാര്യക്കൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിൽ നിൽക്കെ പലരും ഞങ്ങളോട് എന്തിനാണ് വന്നതെന്ന് തിരക്കിയിരുന്നു. ഇവിടെ അഞ്ച് ദിവത്തോളം താമസിക്കേണ്ടി വന്നു. ഓരോ രണ്ട് ദിവസം പിന്നിടുമ്പോഴും ഞങ്ങൾ ഹോട്ടൽ മാറിക്കൊണ്ടേയിരുന്നു. ഒരു ഹോട്ടൽ മാത്രമായിരുന്നു ഇവിടെ അവശേഷിച്ചിരുന്നത്."
"ഒരേ ചെക്പോസ്റ്റിൽ കൂടി പോകേണ്ട ഘട്ടം എത്തിയപ്പോൾ ഞങ്ങൾ 3-4 സംഘങ്ങളായി തിരിഞ്ഞാണ് യാത്ര ചെയ്തത്. ആദ്യത്തെ സംഘം പാർക്കിലേക്ക് പോകണമെന്നാണ് പറഞ്ഞത്. എല്ലാവരും ഇന്ത്യാക്കാരയതിനാൽ ഉദ്യോഗസ്ഥൻ യാത്രാനുമതി നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അടുത്ത സംഘവും ഇതേ കാരണം പറഞ്ഞ് പോയി. മൂന്നാമത്തെ സംഘമായി ഞങ്ങളെത്തിയപ്പോൾ ആ വിഡ്ഢിയായ ഉദ്യോഗസ്ഥൻ ഞങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു. "നിങ്ങളും പാർക്കിലേക്കാവും അല്ലേ?" എന്ന് ചോദിച്ചു.
കുഞ്ഞിന്റെ ജനനം
ഒക്ടോബർ എട്ടിന് അയച്ച സന്ദേശത്തിൽ ബെസ്റ്റിൻ എന്ന പേരിലാണ് യഹി സംസാരിച്ചത്. "രണ്ടാമതൊരു മകൾ കൂടി പിറന്നു. ഇസ്ലാമിന്റെ മണ്ണിലാണ് ഞങ്ങളുടെ കുഞ്ഞ് പിറന്നത്. ഏറ്റവും വലിയ അനുഗ്രഹമാണിത്. കുറവ് ആഡംബരവും കൂടുതൽ ബന്ധങ്ങളും ഉള്ള ഇവിടെ ഭാര്യയും, ഭർത്താവും കുട്ടികളും മാതാപിതാക്കളുമായുള്ള ബന്ധം 100 ശതമാനമാണ്."
"ഗർഭിണിയായിരിക്കെയും പ്രസവ സമയത്തും അവർക്ക് (യഹിയയുടെയും സഹോദരന്റെയും ഭാര്യമാർക്ക്) നല്ല ആരോഗ്യം അല്ലാഹു നൽകി. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അവർ വീട്ടുജോലികൾ ചെയ്ത് തുടങ്ങി. ഒരാടിനെ അറുത്ത് ഞങ്ങൾ അയൽവീടുകളിൽ ഭക്ഷണം നൽകി. അവൾ ഗർഭിണിയായിരിക്കെ അയൽവീടുകളിൽ നിന്നായിരുന്നു ഭക്ഷണം നൽകിയത്."
ആദ്യത്തെ മഞ്ഞുവീഴ്ച
"ശൈത്യകാലം തുടങ്ങിയ ശേഷം പകലുകൾ കുറവും രാത്രി കൂടുതലുമായിരുന്നു. വളരെ പെട്ടെന്ന് സമയം കഴിഞ്ഞിരുന്നു. എന്നാൽ എല്ലാവർക്കും അമീർ (സംഘത്തലവൻ) പ്രത്യേക ജോലികൾ ഏൽപ്പിച്ചിരുന്നു. മഞ്ഞുവീഴ്ചയുള്ള സ്ഥലത്ത് ഞങ്ങൾ ആദ്യമായിട്ടായിരുന്നു. ആ കാലാവസ്ഥ എല്ലാവരും ആവേശത്തോടെ ആസ്വദിച്ചു."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.