കൊച്ചി: ബംഗാളിൽ നീണ്ട 53 വർഷക്കാലം പ്രസിദ്ധീകരണ രംഗത്തുണ്ടായിരുന്ന ഏറ്റവും പ്രായമേറിയ കമ്യൂണിസ്റ്റ് മുഖപത്രം കലന്തറിന്റെ അവസാന പതിപ്പ് നാളെ പുറത്തിറങ്ങും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പത്രം അച്ചടി നിർത്തുകയാണെന്ന് നേരത്തെ തന്നെ മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു.

പാർട്ടിക്ക് പത്രം നടത്തിക്കൊണ്ടുപോകാനാവും വിധം സാമ്പത്തിക ശേഷി കൈവരിക്കാൻ സാധിക്കുന്നത് വരെ കലന്തർ ദ്വൈവാരികയായി പുറത്തിറക്കാനാണ് തീരുമാനം. ഇന്ന് പുറത്തിറക്കിയ പത്രത്തിലും നാളെ പുറത്തിറങ്ങുന്ന പത്രത്തിലും ഇക്കാര്യം വിശദീകരിച്ച് എഡിറ്റോറിയൽ എഴുതുന്നുണ്ട്.

“പരസ്യ വരുമാനമില്ലാതെ കലന്തർ ദിനപ്പത്രം ഒരു യുദ്ധം തോറ്റുകൊണ്ടിരിക്കുകയാണ്. സംസ്ഥാനം നിയമവാഴ്ച തകർന്നിരിക്കുന്നതും, രാജ്യത്ത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണം നടക്കുന്നതുമായ ഈ ഘട്ടത്തിൽ ഒരു വലിയ പ്രതിഷേധത്തെ തളർത്താനേ കലന്തറിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കുന്നത് ഉപകരിക്കൂ എന്നറിയാം. എന്നാൽ ഈ ഘട്ടത്തിൽ ഇത് മാത്രമാണ് ഞങ്ങളുടെ മുന്നിലുളള വഴി,” എന്നാണ് ഇന്ന് അച്ചടിച്ച പത്രത്തിന്റെ ആദ്യ പേജിൽ എഡിറ്റർ പറഞ്ഞിരിക്കുന്നത്.

ഇന്നാണ് പത്രം ഓഫീസിലെ അവസാന പ്രവർത്തി ദിവസം. 1966 ഒക്ടോബർ ഏഴിനാണ് കലന്തർ പത്രമായി അച്ചടി തുടങ്ങിയത്. പത്രത്തിന്റെ സുവർണ്ണ കാലത്ത് പ്രതിദിനം 50000 കോപ്പികൾ വരെ വിറ്റഴിച്ചിരുന്നു. നീണ്ട 34 വർഷത്തെ അധികാരത്തിന് ശേഷം ഇടതുപക്ഷം താഴെയിറങ്ങിയതോടെ പത്രത്തിന് സർക്കാർ പരസ്യങ്ങൾ ലഭിക്കാതെയായി. 2011 മുതൽ ഈ പ്രതിസന്ധിയെ പത്രം നേരിടുകയായിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ പരസ്യങ്ങളും ലഭിച്ചില്ല.

പാർട്ടിയുടെ ദൈനംദിന ചിലവിന് പോലും പണം തികയാത്ത സാഹചര്യത്തിൽ പത്രം അടച്ചുപൂട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സിപിഐ നേതാക്കൾ വിശദീകരിച്ചത്. ബംഗാളിൽ ബഹുഭൂരിപക്ഷത്തിനും കലന്തർ സിപിഐയുടെ മുഖപത്രം മാത്രമാണ്.

വിഖ്യാത കവി ബിഷ്ണു ദെയാണ് പത്രത്തിന് കലന്തർ എന്ന് പേരിട്ടത്. പത്രത്തിന്റെ മാസ്റ്റ് ഹെഡ്(ഒന്നാം പേജിൽ മുകളിൽ അച്ചടിക്കുന്ന പത്രത്തിന്റെ പേര്) രൂപകൽപ്പന ചെയ്തത് ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത്ത് റേയാണ്. കലന്തർ വീണ്ടും അച്ചടിക്കാനാവുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് എഡിറ്റർ കല്യാൺ ബാനർജി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook