ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ വ്യോമസേനാ അറിയിച്ചു. ആറ് പേരുടെ മൃതദേഹവും ഏഴ് പേരുടെ ശരീരാവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. വിമാനത്തില്‍ ആകെയുണ്ടായിരുന്നത് 13 യാത്രക്കാരായിരുന്നു. 13 പേരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വ്യോമസേനാ നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മലയാളികള്‍ അടക്കം 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേനയുടെ എഎന്‍ 32 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

Read Also: കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

അരുണാചല്‍ പ്രദേശിലെ മേചുകയിൽ വച്ച് കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ജൂൺ 11 നാണ് വ്യോമസേന അറിയിച്ചത്. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ വച്ചാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എഎന്‍ 32 എന്ന വിമാനമാണ് ജൂണ്‍ മൂന്നിന് കാണാതായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ കുറിച്ച് അറിവ് ലഭിച്ചിരുന്നില്ല. ഇവര്‍ക്കായി തിരച്ചില്‍ നടന്നിരുന്നു.

എഎന്‍-32 എന്ന എയര്‍ക്രാഫ്റ്റ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടാണ് ജൂൺ മൂന്നിന് ഉച്ചയോടെ വിമാനം കാണാതായത്. ഉച്ചയ്ക്ക് 12.25 ന് പുറപ്പെട്ട വിമാനം 13.00 മണിയായപ്പോള്‍ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട നിലയിലായി. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം ആകെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ വ്യോമസേന നഷ്ടപ്പെട്ട വിമാനത്തിനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. സുഖോയ് 30, സി 130 എന്നീ വിമാനങ്ങളാണ് തിരച്ചിലിനായി ആദ്യം ഉപയോഗിച്ചിരുന്നത്.

Read Also: ഇന്ത്യ വ്യോമാക്രമണം നടത്തിയ ദിവസം രാഹുല്‍ ഗാന്ധി കരയുകയായിരുന്നു: അമിത് ഷാ

ചൈന അതിർത്തിയുമായി ചേർന്നുകിടക്കുന്ന സ്ഥലമാണ് മേചുക. 1962 ഇന്ത്യ-ചൈന യുദ്ധ സമയത്ത് തന്ത്രപ്രധാനമായ സ്ഥലമായിരുന്നു ഇത്. ഏറെ നാൾ ഉപയോഗ ശ്യൂനമായി കിടന്നിരുന്ന സ്ഥലത്ത് 2013 ലാണ് ഇന്ത്യൻ വ്യോമസേന പുനർനിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചത്. 30 മാസം കൊണ്ട് ഇവിടെ എയർബേസ് പുനർനിർമ്മിച്ചു. ചൈന അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയാണ് മേചുക. ടൂറിസ്റ്റുകൾ നിരവധി സന്ദർശിക്കുന്ന സ്ഥലം കൂടിയാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook