അമൃത്സര്‍: പഞ്ചാബിലെ അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി നവജ്യോത് സിങ് സിദ്ദു. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ താനും ഭാര്യയും ചേര്‍ന്ന് ദത്തെടുക്കുമെന്നാണ് സിദ്ദു അറിയിച്ചത്. അവരുടെ വിദ്യഭ്യാസവും മറ്റ് ചെലവുകളും വഹിക്കും. ഭര്‍ത്താവിനെ നഷ്ടമായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുമെന്നും സിദ്ദു വ്യക്തമാക്കി.
ദുരന്തത്തിനിരയായ 21 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. മറ്റുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ തുക കൈമാറുമെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി പറഞ്ഞു.
Read More: അമൃത്സര്‍ ട്രെയിന്‍ അപകടം; വ്യാപക പ്രതിഷേധവും പൊലീസിന് നേരെ കല്ലേറും
സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗര്‍ മുഖ്യാതിഥിയായിരുന്ന ദസറ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. ഇതിന് പിന്നാലെ കൗറിനേയും സിദ്ദുവിനേയും ലക്ഷ്യമിട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രാവണന്‍റെ കോലം കത്തിക്കുന്നത് കാണാന്‍ റെയില്‍വെ പാളത്തില്‍ കൂടിനിന്നവരുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.
ട്രെയിന്‍ അപകടത്തിനിടയാക്കിയ ദസറ ആഘോഷത്തിന്റെ സംഘാടകര്‍ ഒളിവില്‍ പോയിരുന്നു. സ്ഥലം കൗണ്‍സിലര്‍ വിജയ് മദനും മകന്‍ സൗരഭ് മദന്‍ മിത്തുവുമാണ് ഒളിവില്‍ പോയത്. ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് റയില്‍വേ പൊലീസ് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 304, 304 എ, 338 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് റയില്‍വേ പൊലീസ് അറിയിച്ചു. ട്രെയിന്‍ ഡ്രൈവര്‍ കേസില്‍ പ്രതിയല്ല.
Read More: ‘ഞാന്‍ ബ്രേക്കിട്ടിരുന്നു, കല്ലെറിഞ്ഞപ്പോഴാണ് നിര്‍ത്താതെ പോയത്’; അമൃത്സര്‍ ട്രെയിന്‍ ഡ്രൈവറുടെ മൊഴി
ദസറ ആഘോഷങ്ങള്‍ നടത്താനായി പൊലീസിന്റെ അനുമതി നേടിയെങ്കിലും നഗരസഭയുടെ അനുമതി നേടിയിരുന്നില്ലെന്ന് അമൃത്‌സര്‍ നഗരസഭാ കമ്മിഷണര്‍ സൊനാലി ഗിരി മാധ്യമങ്ങളോട് പറഞ്ഞു.
ആഘോഷങ്ങള്‍ നടക്കുന്നതായി റയില്‍വേക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് റയില്‍വേ അധികൃതരും വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ അമൃത്സറില്‍ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പൊലീസിനു നേരെ ജനക്കൂട്ടം കല്ലേറ് നടത്തി. രണ്ട് ദിവസത്തിനുശേഷവും ആരെയും അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അപകടം നടന്ന സ്ഥലത്ത് റയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് നീക്കം ചെയ്തു. ഇതിനിടെയാണ് പൊലീസിനു നേരെ കല്ലേറുണ്ടായത്. ജില്ലാ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ റയില്‍വെ പാളത്തില്‍ കുത്തിയിരുന്നത്. അപകടത്തിനു ശേഷം പലരെയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. കാണാതായവരെ ഉടന്‍ കണ്ടെത്തണമെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.