ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്‌സറില്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്കു ട്രെയിന്‍ പാഞ്ഞുകയറി 59 പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ട്രെയിന്‍ ഡ്രൈവര്‍. എമര്‍ജന്‍സി ബ്രേക്ക് താന്‍ ഇട്ടതായും എന്നാല്‍ ജനങ്ങള്‍ കല്ലെറിയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് നിര്‍ത്താതെ പോയതെന്നും ഡ്രൈവര്‍ പറഞ്ഞു. റെയില്‍വെ അഡ്മിനിസ്ട്രേഷന് നല്‍കിയ കത്തിലാണ് അരവിന്ദ് കുമാറിന്റെ വിശദീകരണം.

‘പെട്ടെന്നാണ് ട്രാക്കിനടുത്ത് ജനക്കൂട്ടത്തെ ഞാന്‍ കാണുന്നത്. ഞാന്‍ നിരന്തരം ഹോണ്‍ മുഴക്കുകയും എമര്‍ജന്‍സി ബ്രേക്കിടുകയും ചെയ്തു. അപ്പോഴേക്കും കുറച്ച് പേര്‍ ട്രെയിനിന് അടിയില്‍ പെട്ടിരുന്നു. ട്രെയിന്‍ നിര്‍ത്താന്‍ പോയപ്പോഴാണ് ആളുകള്‍ ആക്രോഷിച്ച് കൊണ്ട് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. എന്റെ യാത്രക്കാരുടെ സുരക്ഷ മാനിച്ച് ഞാന്‍ ട്രെയിന്‍ നിര്‍ത്താതെ പോയി,’ ഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ ദൃക്സാക്ഷികളുടേയും പുറത്തു വന്ന വീഡിയോകള്‍ക്കും വിപരീതമായാണ് ഡ്രൈവറുടെ മൊഴി. സംഭവത്തില്‍ അന്വേഷണം നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടമോ സംഘാടകരോ ദസറ ആഘോഷത്തെക്കുറിച്ച്‌ അറിയിച്ചിരുന്നില്ലെന്നും അപകടത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. ലോക്കോ പൈലറ്റിനെതിരേ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജോദാ പഥക്കിലെ അപകടസ്‌ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു ലൊഹാനി.

രണ്ടു സ്‌റ്റേഷനുകള്‍ക്കിടയിലാണ്‌ അപകടം നടന്നത്‌. മുന്‍നിശ്‌ചയിച്ചപ്രകാരമുള്ള വേഗതയിലായിരുന്നു ട്രെയിന്‍. ട്രാക്കില്‍ ആളുകള്‍ കയറിനില്‍ക്കുമെന്നു പ്രതീക്ഷിച്ചില്ല. ദസറ ആഘോഷത്തിനായി അനധികൃതമായി ട്രാക്കില്‍ കടന്നുകയറിയതാണ്‌ അപകടകാരണമെന്നും അശ്വനി ലൊഹാനി പറഞ്ഞു. അപകടത്തെക്കുറിച്ചു മജിസ്‌ട്രേറ്റ്‌തല അന്വേഷണത്തിന്‌ ഉത്തരവിട്ടതായി പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ പറഞ്ഞു. നാലാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു നിര്‍ദേശം

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ