ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിന് താവളം ഒരുക്കിയെന്ന് കരുതപ്പെടുന്ന ഹരിയാന സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുക്ഷേത്ര ജില്ലയില്‍ യുവതിയുടെ ഒപ്പം താമസിക്കുന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പഞ്ചാബ് ഐജി സുഖ്ചെയിന്‍ സിങ് ഗില്‍ അറിയിച്ചു.
ബല്‍ജിത് കൗറെന്നാണ് യുവതിയുടെ പേര്. ഷഹബാദ് മാർക്കണ്ട പ്രദേശത്തെ സിദ്ധാര്‍ത്ഥ കോളനിയില്‍ ബല്‍ജിത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മാര്‍ച്ച് 19-ാം തീയതി രാത്രി അമൃത്പാല്‍ താമസിച്ചിരുന്നതായാണ് വിവരം. അമൃത്പാലിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു ഇത്.
പഞ്ചാബ്, ഹരിയാന പൊലീസ് ഡിപ്പാര്‍ട്ട്മെന്റുകളുടെ സംയുക്ത ഓപ്പറേഷനിലാണ് ബല്‍ജിത്തിനെ പിടികൂടിയതെന്നും ഐജി അറിയിച്ചു. അമൃത്പാലിന്റെ സഹായിയായ പപല്‍പ്രീത് സിങ്ങുമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ബല്‍ജിത്തിന് അടുപ്പമുണ്ടെന്നാണ് ഐജി പറയുന്നത്.
ഷഹബാദിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസിൽ ജോലി ചെയ്യുന്ന ബൽജിത്തിന്റെ സഹോദരൻ ഹർവീന്ദറാണ് ബുധനാഴ്ച വൈകുന്നേരം അമൃത്പാലിന്റെ വരവിനെക്കുറിച്ച് വിവരം നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഹര്‍വീന്ദറിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല.
അമൃത്പാൽ തന്റെ വീട്ടിലെത്തിയപ്പോൾ തോക്ക് കൈവശം വച്ചിരുന്നതായി ബൽജിത്ത് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. എന്നാല്‍ തോക്കിന്റെ മോഡല്‍ തിരിച്ചറിയാന്‍ ബല്‍ജിത്തിനായിട്ടില്ല.
അമൃത്പാലും പപൽപ്രീതും കോളുകൾ ചെയ്യാൻ ബൽജിത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചതായും വൃത്തങ്ങള്‍ പറയുന്നു. ഉത്തരാഖണ്ഡിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായാണ് ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് മനസിലായതെന്നും ബൽജിത്ത് പൊലീസിനോട് പറഞ്ഞു.
ഏതു വാഹനം ഉപയോഗിച്ചാണ് അമൃത്പാല്‍ ഹരിയാനയിലെത്തിയതെന്ന് വ്യക്തമല്ലെന്നും ഐജി ഗില്‍ പറയുന്നു. പൊലീസ് തുടര്‍ച്ചയായി അമൃത്പാലിനെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഐജി അറിയിച്ചു. രക്ഷപ്പെടുന്നതിനായി അമൃത്പാല്‍ പല തവണ വാഹനം മാറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അമൃത്പാലിന്റെ മറ്റൊരു സഹായിയായ ഗോർഖ ബാബ എന്ന തേജീന്ദർ സിങ് ഗില്ലും അറസ്റ്റിലായതായി ഐജി പറഞ്ഞു. ഇയാളിൽ നിന്ന് വീഡിയോകളും ഫൊട്ടോകളും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായാണ് വീഡിയോകളില്‍ നിന്നും ഫൊട്ടോകളില്‍ നിന്നും മനസിലാക്കാനായതെന്നും ഐജി കൂട്ടിച്ചേര്‍ത്തു.