ജലന്ധര്‍: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു. സംഘടനയ്ക്ക് ലഭിച്ച പണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാം ദിവസമായിട്ടും അമൃത്പാലിനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. എന്നാല്‍ അമൃത്പാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്ന് കരുത്തപ്പെടുന്ന ബൈക്ക് കണ്ടെത്തി.
ബൈക്ക് ദാരാപൂർ ഗ്രാമത്തിൽ ഉപേക്ഷിച്ച് അമൃത്പാൽ ഫില്ലൗറിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ജലന്ധർ എസ്എസ്പി സ്വർണദീപ് സിങ് പറഞ്ഞു.
വനിത ഡിഎസ്പി ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അമൃത്പാലിന്റെ ഭാര്യയേയും അമ്മയേയും അവരുടെ വസതിയിലെത്തി ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ആര്‍ഐയായ കിരണ്‍ദീപിന്റെ പേരും സംഘടനയുടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടിരുന്നു.
ഫെബ്രുവരിയിലാണ് യുകെയിലുള്ള കിരണ്‍ദീപിനെ അമൃത്പാല്‍ വിവാഹം കഴിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കിരണ്‍ദീപിന്റെ ഗ്രാമമായ കുല്ലാറിലേക്ക് പോയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. കിരണ്‍ദീപിന്റെ കുടുംബം യുകെയിലേക്ക് ഏറെ നാള് മുന്‍പ് കുടിയേറിയെന്നും വിരളമായി മാത്രമാണ് നാട്ടിലേക്ക് വരാറെന്നും അയല്‍വാസികള്‍ പറഞ്ഞു. അമൃത്പാലും കിരണ്‍ദീപും വിവാഹശേഷം പോലും കുടുംബവീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.
ജലന്ധറിലെ നംഗൽ അംബിയാൻ ഗ്രാമത്തില്‍ വച്ചാണ് അമൃത്പാല്‍ വേഷം മാറിയതായി റിപ്പോർട്ട് പുറത്തു വന്നത്. അദ്ദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ഗ്രാമത്തിലുണ്ടായിരുന്നെന്നാണ് ഗ്രാമവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
വേഷം മാറിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട നംഗൽ അംബിയാൻ ഗ്രാമത്തിലെ പുരോഹിതൻ രഞ്ജിത് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ജില്ലയിലെ ഷാഹ്കോട്ട് പൊലീസ് സ്റ്റേഷൻ ബുധനാഴ്ച അമൃത്പാലിനെതിരെ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.