ന്യൂഡല്‍ഹി: ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ് പഞ്ചാബിലെ അതിര്‍ത്തി കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്), ശാസ്ത്ര സീമ ബല്‍ (എസ്എസ്ബി) മേധാവികളോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെയോ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെയോ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബിഎസ്എഫിന്റെയും എസ്എസ്ബിയുടെയും എല്ലാ യൂണിറ്റുകളിലേക്കും തലപ്പാവ് ധരിച്ചതും അല്ലാതെയുമുള്ള അമൃത്പാലിന്റെ രണ്ട് ചിത്രങ്ങള്‍ സഹിതം സന്ദേശം അയച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ തലവനായ അമൃത്പാല്‍ സിങ്ങിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. പഞ്ചാബിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോ രാജ്യാന്തര അതിര്‍ത്തിയോ കടന്ന് പോകാന്‍ സാധ്യതയുണ്ട്. ജാഗ്രത പാലിക്കാനും അതിര്‍ത്തി പോസ്റ്റുകളില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശനിയാഴ്ച ജലന്ധര്‍-മോഗ റോഡിലെ മെഹത്പൂരില്‍ വച്ച് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ ഇയാള്‍ വാഹനവും മൊബൈല്‍ ഫോണും നകോദറിന് സമീപം ഉപേക്ഷിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇയാളുടെ കൂട്ടാളികളായ 78 പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ പ്രധാന പട്ടണങ്ങളില്‍ ജില്ലാ പൊലീസ് മേധാവികള്‍ ഫ്ലാഗ് മാര്‍ച്ച് നടത്തുകയും സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം തിങ്കളാഴ്ച ഉച്ചവരെ നീട്ടിയതോടെ അമൃത്പാലിനായുള്ള വേട്ട രണ്ടാം ദിവസവും തുടര്‍ന്നു.
സിക്‌സ് 12-ബോര്‍ റൈഫിളുകളും 196 വെടിയുണ്ടകളും കണ്ടെടുത്തതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് ഞായറാഴ്ച അമൃത്പാലിനും ഏഴ് കൂട്ടാളികള്‍ക്കുമെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. അമൃത്പാലിന്റെ ഒരു കൂട്ടാളിയില്‍ നിന്ന് നൂറിലധികം അനധികൃത വെടിയുണ്ടകൾ പിടിച്ചെടുത്തതായി അമൃത്സര്‍ (റൂറല്‍) എസ്എസ്പി സതീന്ദര്‍ സിങ് പറഞ്ഞു. ഇയാളുടെ സംഘത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ഏഴുപേരെ മാര്‍ച്ച് 23 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.