ന്യൂഡൽഹി: പൊലീസ് തിരയുന്ന കുറ്റവാളി വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ് അംബാലയിൽ നിന്ന് ഹരിയാന റോഡ്വേയ്സ് ബസിൽ കയറി കുരുക്ഷേത്രയിലെ പിപ്ലിയിൽ ഇറങ്ങിയെന്ന് ബസ് ഡ്രൈവർ പഞ്ചാബ് പൊലീസിനോട് പറഞ്ഞു. സിങ്ങിനായി പഞ്ചാബ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അമൃത്പാൽ തലസ്ഥാനത്ത് എവിടെയാണെന്ന് കണ്ടെത്താൻ സ്പെഷ്യൽ സെല്ലിന്റെ നിരവധി യൂണിറ്റുകൾ പഞ്ചാബ് പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ”കശ്മേര ഗേറ്റ് ബസ് ടെർമിനലിലെ ഹരിയാന റോഡ്വേയ്സ് ബസിലെ ഡ്രൈവറെ ഞങ്ങൾ കണ്ടെത്തി. ഹരിയാനയിലെ അംബാലയിൽനിന്നും സിങ് തന്റെ ബസിൽ കയറിയതായും കുരുക്ഷേത്രയിലെ പിപ്ലിയിൽ ഇറങ്ങിയതായും അയാൾ പറഞ്ഞു. സിങ് ഡൽഹിയിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പഞ്ചാബ് പൊലീസ് ഈ വിവരം ഡൽഹി പൊലീസിനെ അറിയിച്ചിട്ടുണ്ട്,” വൃത്തങ്ങൾ പറഞ്ഞു.
ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തതായി സീനിയർ ഓഫിസർ പറഞ്ഞു. കശ്മേര ഗേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. സിങ്ങിനൊപ്പം ഒരു സഹായി ഉണ്ടായിരുന്നതായി ഞങ്ങൾ സംശയിക്കുന്നതായി ഓഫിസർ പറഞ്ഞു.
സിങ്ങിനെതിരെ ലുക്ക്ഔട്ട് നോട്ടീസും ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്യുന്നതിൽനിന്ന് രക്ഷപ്പെടാൻ സിങ് ഒളിത്താവളങ്ങളും വാഹനങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 18 മുതലാണ് സിങ്ങിനെയും കൂട്ടാളികളെയും പിടികൂടാനുള്ള നീക്കം പൊലീസ് തുടങ്ങിയത്.