ന്യൂഡൽഹി: ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങി. പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ചാണ് ഉംപുൻ ഇന്ത്യൻ തീരം വിടുന്നത്. പശ്ചിമ ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് 72 പേർ മരിച്ചു. കൊൽക്കത്തയിൽ മാത്രം 15 മരണം.

സംസ്ഥാനത്ത് സ്ഥിതിഗതികൾ മോശമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഇതുപോലൊരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ബംഗാൾ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വിമാനത്താവളങ്ങളിലടക്കം കനത്ത നാശനഷ്ടമാണ് ഉംപുൻ മൂലമുണ്ടായത്.

 

Read Also: പാലാരിവട്ടം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു

മണിക്കൂറിൽ 190 കിലോമീറ്ററോളം വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കൊൽക്കത്ത നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. കൊൽക്കത്തയിൽ കൊടുങ്കാറ്റിൽ ഇലക്ട്രിക് ട്രാൻഫോർമർ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം പേരെ സർക്കാർ മാറ്റിപ്പാർപ്പിച്ചു.

കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ 7, ഈസ്റ്റ് മിദിനപൂറില്‍ 6, ഹൂഗ്ലിയില്‍ 2 എന്നിങ്ങനെയാണ് മരണ നിരക്ക്. കൊല്‍ക്കത്തയിലെ മേല്‍പ്പാലങ്ങള്‍ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. ഒഡീഷയിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒഡീഷയിലും ഉംപുൻ ഏറെ നാശം വിതച്ചു.

ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. നാളെ രാവിലെയോടെ ഉംപുൻ ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങൾ തൊടുമെന്നാണ് റിപ്പോർട്ട്.

‘ഉംപുൻ’ എന്ന പേര്

തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിനു ഉംപുൻ (Amphan) എന്ന പേരിട്ടത്. മലയാളത്തിൽ ‘ആംഫൻ’ എന്ന് തെറ്റായി ഉച്ചരിച്ചിരുന്നു. എന്നാൽ, പേര് നൽകിയ തായ്‌ലൻഡ് തന്നെ ഇതിന്റെ ഉച്ചാരണം ‘ um-pun ‘ എന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്. വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരാണ് ‘ഉംപുൻ’. എട്ട് രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കിയ 64 പേരുകളിൽ അവസാനത്തേത്. അന്ന് സംഘടനയുടെ പാനലിലുണ്ടായിരുന്ന എട്ട് രാജ്യങ്ങൾ എട്ട് പേര് വീതം നിർദേശിക്കുകയായിരുന്നു. ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook