ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ തീരത്തേക്ക് നീങ്ങുന്ന അതിതീവ്ര ചുഴലിക്കാറ്റ് ഉംപുന്‍ ഉഗ്രരൂപിയാകുന്നു. ഇന്ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിംഗയിൽ ചുഴലിക്കാറ്റ് കരതൊടും. മണിക്കൂറിൽ 190 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. ഒഡീഷയിലും ബംഗാളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തീരദേശത്തോട് അടുത്ത് താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചകഴിയുന്നതോടെ ഉംപുൻ പൂർണമായും കരയിലേക്ക് പ്രവേശിക്കും. വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 20 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ നീങ്ങുന്നത്.
Read Also: ‘ഉംപുൻ’ വന്ന വഴി; ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എങ്ങനെ ?
ദിംഗയിൽ അടക്കം ശക്തമായ മഴയാണ് രാവിലെ മുതൽ ലഭിക്കുന്നത്. പതിനാറടി ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയില്‍ കനത്ത കാറ്റും മഴയുമുണ്ട്. കാറ്റിന്റെ ശക്തി ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. ബംഗാളിൽ നിന്ന് മാത്രം മൂന്ന് ലക്ഷത്തിലേറെ പേരെ മാറ്റിപാർപ്പിച്ചു.
ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളം കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചിരുന്നു.
‘ഉംപുൻ’ എന്ന പേര്
തായ്ലൻഡ് ആണ് ചുഴലിക്കാറ്റിനു ഉംപുൻ (Amphan) എന്ന പേരിട്ടത്. മലയാളത്തിൽ ‘ആംഫൻ’ എന്ന് തെറ്റായി ഉച്ചരിച്ചിരുന്നു. എന്നാൽ, പേര് നൽകിയ തായ്ലൻഡ് തന്നെ ഇതിന്റെ ഉച്ചാരണം ‘ um-pun‘ എന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്. വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരാണ് ‘ഉംപുൻ’. എട്ട് രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കിയ 64 പേരുകളിൽ അവസാനത്തേത്. അന്ന് സംഘടനയുടെ പാനലിലുണ്ടായിരുന്ന എട്ട് രാജ്യങ്ങൾ എട്ട് പേര് വീതം നിർദേശിക്കുകയായിരുന്നു. ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
ചുഴലിക്കാറ്റുകൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചുഴലിക്കാറ്റുകൾക്ക് പേരിടാൻ കൃത്യമായ മാർഗനിർദേശമുണ്ട്. ഓരോ രാജ്യത്തിനും തോന്നുന്ന പോലെ പേരിടാൻ സാധിക്കില്ല. രാഷ്ട്രീയം, മതം, സംസ്കാരം എന്നിവയുമായി ബന്ധമില്ലാത്ത നിഷ്പക്ഷ പേരുകൾ ആയിരിക്കണം കണ്ടെത്തേണ്ടത്. സമൂഹത്തിൽ ആ പേര് മൂലം സ്പർദ്ധയുണ്ടാകരുത്. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുന്നത് ആയിരിക്കരുത്. ക്രൂരമായ, വിദ്വേഷജനകമായ പേരുകൾ ആയിരിക്കരുത്. ഒരിക്കൽ ഉപയോഗിച്ച പേര് പിന്നീട് ഉപയോഗിക്കരുത്. പരമാവധി എട്ട് അക്ഷരങ്ങളിൽ പേര് ഒതുക്കണം. നൽകുന്ന പേരിന്റെ ഉച്ചാരണം കൃത്യമായി നൽകണം. ആളുകൾക്ക് ഉച്ചരിക്കാൻ എളുപ്പമുള്ള പേര് ആയിരിക്കണം.