ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉംപുൻ (Amphan) ചുഴലിക്കാറ്റായി രൂപംപ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി മാറും. കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മണിക്കൂറിൽ 200 കി.മി. വേഗത കെെവരിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റാണ് ഇത്. ചൊവ്വാഴ്‌ച രാത്രിയോടെ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ. ആന്ധ്ര, ഒഡീഷ, ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ അതി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകും. നിലവിൽ ഒഡീഷയിലെ പാരാദ്വീപ് തീരത്തു നിന്നും 800 കി.മി. അകലെയാണ് കാറ്റിന്റെ സ്ഥാനം.

തിങ്കളാഴ്‌ച രാവിലെ രാജ്യത്ത് പലയിടത്തും ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ട്. മേയ് 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ജാഗ്രത തുടരണം. ആൻഡമാൻ ദ്വീപുകളിൽ ശക്തമായ മഴ ലഭിക്കും. മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ മടങ്ങിവരണമെന്നാണ് നിർദേശം. ഇനിയുള്ള ഏതാനും ദിവസങ്ങളിലേക്ക് മത്സ്യബന്ധനത്തിനു പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

മേയ് 19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റർ. കരിപ്പൂർ എപി, മൂന്നാർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്റർ മഴയും കാഞ്ഞിരപ്പള്ളി, കോഴ, പിറവം എന്നീ സ്ഥലങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

തമിഴ്‌നാട്ടിൽ ഉഷ്‌ണതരംഗം സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സാധാരണ നിലയിലുള്ള ചൂട് ചുഴലിക്കാറ്റിന്റെ വരവോടെ ഉയർന്നേക്കാം. ചെന്നൈയിൽ ചൂട് 43 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ശക്തിയായ മഴ ലഭിക്കാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

Read Here: Cyclone Amphan, Weather Forecast Today LIVE Updates: Cyclonic storm to turn ‘severe’; Odisha CM sets zero-casualty target

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook