ന്യൂഡൽഹി: ഇറാനിൽ അഭിഭാഷകയ്ക്ക് 148 ചാട്ടയടിയും 33 വർഷം തടവും ശിക്ഷ വിധിച്ചതിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ രംഗത്ത്. ഇറാനിലെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയായ നസ്രിൻ സൊതോദേയ്ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അഴിമതിയും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കൽ, ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് വരിക, പൊതുസമാധാനം തകർക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നസ്രീന് എതിരായ ശിക്ഷ അങ്ങേയറ്റത്തെ നീതികേടാണെന്നും അഭിഭാഷകയുടെ സമാധാനപൂർണ്ണമായ മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതാണ് നടപടികളെന്നും ആംനസ്റ്റി വിമർശിച്ചു. സമീപകാലത്ത് ഇറാനിലുണ്ടായ ഏറ്റവും ഉയർന്ന നീതിരഹിത നടപടിയായാണ് ഇതിനെ തങ്ങള്‍ കാണുന്നത് എന്നും ആംനെസ്റ്റി കൂട്ടിച്ചേര്‍ത്തു.

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ പ്രതിഷേധിച്ച നിരവധി സ്ത്രീകൾക്ക് വേണ്ടി കോടതിയിൽ വാദിച്ചത് നസ്രീനായിരുന്നു. 56കാരിയായ ഇവർക്ക് 2012 ൽ സഖറോവ് റൈറ്റ്സ് അവാർഡ് നേടിയിരുന്നു. സമാധാനത്തിനുളള നോബേൽ ജേതാവ് ഷിറിൻ എബാദിയടക്കം മാധ്യമപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും വേണ്ടി നിരവധി തവണ ഇവർ കോടതിയിൽ ഹാജരായിരുന്നു.   2009 ലേ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിലായിരുന്നു ഇത്.

2010 ൽ അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ 11 വർഷത്തെ തടവിനും 20 വർഷം അഭിഭാഷക ജോലിയിൽ നിന്നുളള വിലക്കിനുമാണ് ശിക്ഷിച്ചത്. എന്നാൽ 2014 ൽ വിലക്ക് നീക്കി. 2013 ൽ, പ്രസിഡന്റ് ഹസൻ റൂഹാനി യുഎൻ പൊതുസഭയിൽ സിവിൽ നിയമങ്ങൾ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഇവരുടെ ജയിൽമോചനം.

ഇറാന് മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുന്ന രാജ്യങ്ങളോട് നസ്രിൻ സൊതോദേയുടെ വിമോചനത്തിന് വേണ്ടി ഇടപെടാൻ ആംനസ്റ്റി ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനോട് പ്രധാനമായും ആംനസ്റ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ