ബെംഗളൂരു: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷ്ണലിന്റെ ഓഫീസിൽ റെയ്ഡ്. ബെംഗളൂരുവിലെയും ന്യൂഡൽഹിയിലെയും ഓഫീസുകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

വിദേശ സംഭാവന സംബന്ധിച്ച ചട്ടം ലംഘിച്ചുവെന്നാണ് ആംനെസ്റ്റിക്കെതിരായ ആരോപണം. ഇത് ചൂണ്ടിക്കാട്ടി നേരത്തെ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആംനെസ്റ്റി ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ ബെംഗളൂരുവിലെ ഇന്ദിര നഗറിലുള്ള ആംനെസ്റ്റി ഓഫിസിലെത്തിയത്.

വൈകിട്ട് അഞ്ചിന് സിബിഐ ഉദ്യോഗസ്ഥർ ഓഫിസിലെത്തിയെന്നും തങ്ങൾ അവരുമായി സഹകരിച്ചുവെന്നും സംഘടനാ വക്തവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ആംനെസ്റ്റി ഇന്‍റർനാഷണൽ ആരോപിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആംനെസ്റ്റി ഇന്ത്യ വേട്ടയാടപ്പെടുകയാണെന്നും രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിർക്കുന്നതിനാലാണ് ഇതെന്നും ആംനെസ്റ്റി ഇന്റർനാഷ്ണൽ പ്രസ്താവനയിറക്കി. രാജ്യത്തെയും രാജ്യാന്തര നിയമത്തെയും അടിസ്ഥാനമാക്കിയാണ് ആംനെസ്റ്റി നിലകൊള്ളുന്നതെന്നും ആഗോള മനുഷ്യാവകാശങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

2018 ഒക്ടോബറിലാണ് ബെംഗളൂരുവിലെ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാറേതര സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷ്ണൽ. 1961 മുതൽ മനുഷ്യാവകാശ രംഗത്ത് സജീവമായ അവർ ലോകത്ത് 150 രാജ്യങ്ങളിൽ70 ലക്ഷം അംഗങ്ങളുള്ള സംഘടനയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook