scorecardresearch

Latest News

കോണ്‍ഗ്രസ് നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്ത് അമിതാഭ് ബച്ചന്‍; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഊഹാപോഹം

രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന ബച്ചന്‍ നെഹ്റു- ഗാന്ധി കുടുംബവുമായി ഒരുകാലത്ത് നല്ല അടുപ്പത്തിലുമായിരുന്നു

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്തത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. നേരത്തേ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നില്ല.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഫോളോ ചെയ്തതിന് പിന്നാലെ ഒരു മാസത്തിനിടയില്‍ മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗേലത്ത്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സി.പി.ജോഷി എന്നിവരെ അദ്ദേഹം ഫോളോ ചെയ്തു. കൂടാതെ മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപമ, രണ്‍ദീപ് സുര്‍ജെവാല, പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് ഝാ എന്നിവരേയും അദ്ദേഹം ഫോളോ ചെയ്തിട്ടുണ്ട്.

രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന ബച്ചന്‍ നെഹ്റു- ഗാന്ധി കുടുംബവുമായി ഒരുകാലത്ത് നല്ല അടുപ്പത്തിലുമായിരുന്നു. മൂന്ന് കോടിയിലധികം ട്വിറ്റര്‍ ഫോളോവേഴ്സ് ഉളള അമിതാഭ് ബച്ചന്‍ 1689 പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. പെട്ടെന്നുണ്ടായ അദ്ദേഹത്തിന്റെ നീക്കം കോണ്‍ഗ്രസിനേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.

നേരത്തേ അദ്ദേഹം ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ മകള്‍ മിസ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാര്‍, സിപിഎം ദേശീയ അദ്ധ്യക്ഷന്‍ സീതാറം യെച്ചൂരി, എന്‍സിപി നേതാവ് സുപ്രിയ സുലെ എന്നിവരെയും ഫോളോ ചെയ്തിരുന്നു. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, സഞ്ജയ് സി, കുമാര്‍ വിശ്വാസ്, ആശിഷ് ഖേതന്‍ എന്നിവരെ അദ്ദേഹം ഈയടുത്താണ് ഫോളോ ചെയ്തത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Amitabh bachchan starts following congress leaders on twitter triggers speculation