ഹൈദരാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കത്തിന് മറുപടിയുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി സര്‍ക്കാര്‍ നുണ പറയുകയാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ മറുപടി. ടിഡിപി എന്‍ഡിഎ വിട്ടത് രാഷ്ട്രീയ താല്‍പര്യം മൂലമാണെന്നും ആന്ധ്രയുടെ വികസനത്തിന് വേണ്ടിയല്ലെന്നുമായിരുന്നു അമിത് ഷാ കത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അമിത് ഷായുടെ പ്രസ്താവന മുഴുവന്‍ നുണയാണെന്നായിരുന്നു നായിഡുവിന്റെ മറുപടി.

”അമിത് ഷാ തന്റെ കത്തില്‍ പറയുന്നത് കേന്ദ്രം ആന്ധ്രയ്ക്ക് വേണ്ടത്ര ഫണ്ട് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനം അത് വിനിയോഗിച്ചില്ലെന്നുമാണ്. ആന്ധ്രയ്ക്ക് കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ ജിഡിപി വളരെ നല്ലതാണ്. കൃഷിയും വളര്‍ന്നിട്ടുണ്ട്. പല ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ കഴിവ്. എന്തിനാണ് നിങ്ങള്‍ നുണ പ്രചരിപ്പിക്കുന്നത്?”. നായിഡു പറയുന്നു.

അമിത് ഷായുടെ കത്ത് മുഴുവന്‍ തെറ്റായ വിവരങ്ങളാണെന്ന് പറഞ്ഞ നായിഡു സംസ്ഥാനത്തിലെ പല മേഖലയിലേയും വികസനത്തോളം ഉയരാന്‍ സാധിക്കാത്തതു കൊണ്ടാണ് കേന്ദ്രം ഇത്തരത്തില്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ആന്ധ്രയ്ക്കും നല്‍കിയാല്‍ പല വ്യവസായങ്ങളും സംസ്ഥാനത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

‘വിഭജനത്തിന് മുമ്പു തന്നെ ടിഡിപി തിരഞ്ഞെടുപ്പ് ജയിച്ചതാണ്. പിന്നീട് വിഭജനത്തിന് ശേഷം ആളുകള്‍ക്ക് പലതരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ നന്മയ്ക്കായാണ് ബിജെപിയുമായി സഖ്യം ചെയ്തത്. തന്റെ കത്തില്‍ അമിത് ഷാ പറയുന്നത് ഞങ്ങള്‍ എന്‍ഡിഎ വിട്ടത് രാഷ്ട്രീയ കാരണങ്ങള്‍ മൂലമാണെന്നാണ്. പക്ഷെ ജനങ്ങളുടെ താല്‍പര്യം മനസിലാക്കിയാണ് ഞങ്ങളത് ചെയ്തത്.” നായിഡു കൂട്ടിച്ചേര്‍ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ