ഗാന്ധിനഗര്‍: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക നല്‍കുന്നതിന്റെ ഭാഗമായി വലിയ ശക്തിപ്രകടനമാണ് ഗാന്ധിനഗറില്‍ ബിജെപി നടത്തിയത്. ഗാന്ധിനഗറിലെ പൊതുപരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എന്നിവര്‍ അമിത് ഷായ്ക്കൊപ്പം വേദി പങ്കിട്ടു.
രാജ്യസഭാ എംപിയായ അമിത് ഷാ ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി ആറ് തവണ വിജയിച്ച സീറ്റിലാണ് അമിത് ഷാ മത്സരിക്കുന്നത്. പാർട്ടിയുടെ തീരുമാനത്തിൽ അഡ്വാനി അസ്വസ്ഥനാണ്. അതിനാൽ തന്നെ അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊന്നും അഡ്വാനി പങ്കെടുക്കില്ല.
പ്രചാരണങ്ങള്‍ക്കിടെ അമിത് ഷായുടെ കൊച്ചുമകള്‍ ബിജെപിയുടെ തൊപ്പി തലയില്‍ അണിയാന്‍ വിസമ്മതിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുകയാണ്. അഹമ്മദാബാദിലെ റാലിക്കിടെ കൊച്ചുമകളെ കൈയ്യിലെടുത്തിരിക്കുകയാണ് അമിത് ഷാ. ഇതിനിടയിലാണ് കൊച്ചുമകളുടെ തലയിലെ തൊപ്പി നീക്കി ബിജെപിയുടെ തൊപ്പി അണിയിച്ചത്. എന്നാല്‍ ബിജെപിയുടെ കുങ്കുമ നിറത്തിലുളള തൊപ്പി കുട്ടി ഊരിക്കളയുകയായിരുന്നു. എതിര്‍പാര്‍ട്ടികള്‍ ഈ വീഡിയോ രാഷ്ട്രീയ ആയുധമാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കടപ്പാട്: ഇന്ത്യ ടുഡേ