ജജ്പൂര്‍: രാജ്യത്ത് പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ തുടരുമ്പോള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരുക്ക്. ഒഡിഷയിലെ ജജ്പുർ ജില്ലയിലാണ് സംഭവം. അമിത് ഷായുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് പശുവിനെ പരുക്കേൽപിച്ചത്.

ജജ്പുർ ജില്ലയിലെ ബദ്ചാന പോലീസ് സ്റ്റേഷൻ പരിധിയിലെ ബാന്ദോളിക്ക് സമീപമുള്ള ദേശീയ പാതയിലാണ് സംഭവം. ബനാദ്‌ലോയിലെ റോഡ് മുറിച്ച് കടക്കവെയാണ് വാഹനം പശുവിനെ ഇടിച്ചിട്ടത്. ഇടിച്ച വാഹനത്തിന്റെ വിഐപി സ്റ്റിക്കറിനും കേടുപാട് പറ്റിയതായി ബൈരി പൊലീസ് എസ്ഐ നിരഞ്ജന്‍ സാബര്‍ പറഞ്ഞു. പരുക്കേറ്റ പശുവിനെ രക്ഷിക്കാനോ പരിചരിക്കാനോ നില്‍ക്കാതെയാണ് ഇടിച്ച വാഹനവും അമിത് ഷായുടെ വാഹനവും കടന്നുപോയതെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ അമിത് ഷായുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മുതിർന്ന ബിജെപി നേതാവും മുൻ എം.എൽ.എയുമായ പ്രതാപ് സാരംഗിന്റെ നേതൃത്വത്തിൽ ചില പാർട്ടി പ്രവർത്തകർ ചേർന്ന് പരുക്കേറ്റ പശുവിനെ ചികിത്സയ്ക്കായി ക്രമീകരണങ്ങൾ ഒരുക്കിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പശുവിന്റെ ചികിത്സയ്ക്കായി നടപടികൾ സ്വീകരിക്കാൻ ജർഗഡ് ജില്ലാ കളക്ടറോട് സാരംഗി ആവശ്യപ്പെട്ടു.

ബറചാന, ബരീരി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റ പശുവിനെ വെറ്റിനറി ഡോക്ടർമാരുടെ സഹായത്തോടെ പരിശോധിച്ചതായും പശുവിപ്പോൾ സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അമിത് ഷായെ പരിഹസിച്ച് ബിജെഡി നേതാവ് എംപി സത്പതി രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ