ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവടുവെപ്പിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കിയത് പ്രവര്‍ത്തകര്‍ക്ക് ക്ഷീണമായി. അടുത്ത കുറച്ച് നിര്‍ണായക ദിവസങ്ങളില്‍ പാര്‍ട്ടി അദ്ധ്യക്ഷനെ തലസ്ഥാനത്ത് വേണ്ടത് കൊണ്ടാണ് യാത്ര റദ്ദാക്കിയതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷ തമിലിസായ് സുന്ദര്‍രാജന്‍ വ്യക്തമാക്കിയത്. 22 മുതല്‍ മൂന്ന് ദിവസം തമിഴ്‌നാട്ടിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരം.

ഇതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉടനീളം വ്യാപകമായ രീതിയില്‍ ഫ്ളക്സുകളും കൊടിതോരണങ്ങളും കൊണ്ട് പ്രവര്‍ത്തകര്‍ അലങ്കരിച്ചിരുന്നു. റോഡ് അരികുകളില്‍ അമിത്ഷായുടെ കൂറ്റന്‍ ചിത്രങ്ങളും ഉയര്‍ന്നു. അമിത് ഷായുടെ സന്ദര്‍ശന ഭാഗമായി ചെന്നൈയിലും കോയമ്പത്തൂരിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്താനും പദ്ധതിയിട്ടിരുന്നു. മോദി മന്ത്രിസഭയില്‍ അഴിച്ചുപണി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് അമിത് ഷാ ഡല്‍ഹിയില്‍ തുടരുന്നതെന്നാണ് വിവരം.

പുതിയ സന്ദര്‍ശന തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷ പറഞ്ഞു. കഴിഞ്ഞ മെയില്‍ അമിത് ഷാ തമിഴ്‌നാട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലും ചെന്ന് പ്രവര്‍ത്തകരെ കാണുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു ബിജെപിക്ക് ഒരു ലോക്‌സഭാ അംഗമുണ്ട്. എന്നാല്‍ നിയമസഭയില്‍ അംഗങ്ങളില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ