/indian-express-malayalam/media/media_files/uploads/2018/12/amit.jpg)
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ രഥ യാത്ര നടത്താനുള്ള അനുമതി ലഭിക്കാനായി ബിജെപി സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ്ക്രിസ്തുമസ് അവധിയായതിനാല്‍ വിധി കേള്‍ക്കുന്നത് അവധിക്ക് ശേഷത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇനി കോടതി തുറക്കുക ജനുവരി രണ്ടിനായിരിക്കും. പാർട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഈ മാസമായിരുന്നു രഥയാത്ര ആരംഭിക്കാനിരുന്നത്.
നേരത്തെ ബിജെപിയുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അനുമതി തേടി സുപ്രീം കോടതിയിലെത്തിയത്. എന്നാല്‍ മറ്റ് ഹര്‍ജികള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാത്രമേ ബിജെപിയുടെ ഹര്‍ജിക്കും നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നു കോടതി അറിയിക്കുകയായിരുന്നു. ഇതോടെ ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു കൊണ്ടുള്ള ബിജെപിയുടെ രഥയാത്രക്ക് തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചായിരുന്നു രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിനുള്ള സാധ്യത കണ്ടായിരുന്നു കോടതി ഉത്തരവ്. 42 ലോകസഭാ മണ്ഡലങ്ങളിലൂടേയും കടന്നു പോകുന്ന രീതിയിലായിരുന്നു രഥയാത്ര നടത്താന്‍ തീരുമാനിച്ചിരുന്നത്. ആദ്യത്തെ യാത്ര ആരംഭിക്കുന്നത് കൂച്ച് ബിഹാറില്‍ നിന്നുമായിരുന്നു. എന്നാല്‍ മത സംഘര്‍ഷങ്ങളുടെ ചരിത്രമുള്ള നാടാണ് കൂച്ച് ബിഹാറെന്നും അതു കൊണ്ട് രഥയാത്ര നടത്തുന്നത് ശരിയാകില്ലെന്നും കാണിച്ച് ജില്ലാ പൊലീസ് മേധാവി യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
ഇത് കോടതിയെ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അനുമതി നിഷേധിക്കപ്പെട്ടത്. അതേസമയം, സമാധാനപരമായാണ് യാത്ര നടത്താനുദ്ദേശിക്കുന്നതെന്നായിരുന്നു ബിജെപി കോടതിയെ അറിയിച്ചത്. എന്നാല്‍ യാത്രക്കിടെ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ ബിജെപി തയ്യാറായില്ല, എന്തെങ്കിലും സംഭവിച്ചാല്‍ ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ആണെന്നും ബിജെപി പറഞ്ഞു. ഇതോടെ യാത്രയുടെ അനുമതി നിഷേധിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.