scorecardresearch
Latest News

‘ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ’; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ

” ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നാണു രാഹുല്‍ ബാബ പറഞ്ഞിരുന്നത്. രാഹുല്‍ ബാബ, നിങ്ങള്‍ ഏത് പുസ്തകത്തിലാണ് ഇത് വായിച്ചത്,” അമിത് ഷാ ചോദിച്ചു

‘ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ’; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ‘ഭാരത് ജോഡോ യാത്ര’ നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ രാജ്യത്തിന്റെ ചരിത്രമാണ് ആദ്യം പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

”രാഹുല്‍ ബാബയെയും കോണ്‍ഗ്രസുകാരെയും അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രസംഗത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗഹിക്കുന്നു. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നാണു രാഹുല്‍ ബാബ പറഞ്ഞത്. രാഹുല്‍ ബാബ, നിങ്ങള്‍ ഏത് പുസ്തകത്തിലാണ് ഇത് വായിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ ബലിയര്‍പ്പിച്ച രാജ്യമാണിത്…”രാജസ്ഥാനിലെ ജോധ്പൂരില്‍ ബി ജെ പി ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു,

‘രാഹുല്‍ ഗാന്ധി ഭാരതത്തെ ഒന്നിപ്പിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ്. പക്ഷേ അദ്ദേഹം ആദ്യം ഇന്ത്യന്‍ ചരിത്രം പഠിക്കേണ്ടതുണ്ടെന്നു കരുതുന്നു. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ വിദേശ ടീ ഷര്‍ട്ട് ധരിച്ച് ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയിലാണ്,” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ‘ഭാരത് ജോഡോ യാത്ര’ നടത്തുന്നതു 41,000 രൂപയിലേറെ വിലയുള്ള ബര്‍ബെറി ടീ-ഷര്‍ട്ട് ധരിച്ചാണെന്നു ബി ജെ പി നേരത്തെ വിമര്‍ശമുന്നയിച്ചിരുന്നു. ഇതു പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.

വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന് അമിത് ഷാ ആരോപിച്ചു. പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ കോണ്‍ഗ്രസിനു പ്രവര്‍ത്തിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ മുസ്ലീം തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തിലും കരൗലി അക്രമത്തിലും രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ രാജ്യത്ത് കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തും അധികാരത്തിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ജയ്സാല്‍മീര്‍ ജില്ലയിലെ തനോത് മാതാ ക്ഷേത്രത്തില്‍ അമിത് ഷാ പ്രാര്‍ത്ഥന നടത്തി. ക്ഷേത്രപരിസരത്ത് ടൂറിസം വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും ഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് ജയ്സാല്‍മീറിലെത്തിയ മന്ത്രി ശനിയാഴ്ച രാവിലെ ഹെലികോപ്റ്ററിലാണു തനോതിലെത്തിയത്. വിജയ സ്തംഭത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Amit shah targets rahul gandhi over bharat jodo yatra