ഗാന്ധിനഗർ: കോവിഡ് -19ന്റെ രണ്ടാമത്തെ തരംഗം അതിവേഗമാണ് പടർന്നു പിടിക്കുന്നതെന്നും അതിനെ നിയന്ത്രിക്കുകയെന്നത് മനുഷ്യ സാധ്യമല്ലാത്ത കാര്യമായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
“രണ്ടാമത്തെ തരംഗത്തിൽ കൊറോണ വളരെ വേഗത്തിൽ പടർന്നു, അതിനുമേൽ നിയന്ത്രണം നേടുകയെന്നത് മനുഷ്യ സാധ്യമായിരുന്നില്ല. എന്നാൽ ആ സാഹചര്യത്തിലും ആറേഴ് ദിവസത്തിനുള്ളിൽ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും 10 മടങ്ങ് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താൻ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രഭായ് (നരേന്ദ്ര മോദി) ശ്രമിച്ചു,” അമിത് ഷാ പറഞ്ഞു.
“പുതിയ ആശുപത്രികൾ നിർമ്മിക്കുകയും ഫാക്ടറികൾ ഓക്സിജൻ സിലിണ്ടറുകൾ നിർമ്മിക്കാൻ രാത്രികാലങ്ങളിൽ പോലും പ്രവർത്തിക്കുകയും, ക്രയോജനിക് ടാങ്കറുകൾ ലോകമെമ്പാടും നിന്ന് ഇറക്കുമതി ചെയ്യുകയുമെല്ലാമുണ്ടായെങ്കിലും നമുക്ക് ധാരാളം ബന്ധുക്കളെ നഷ്ടപ്പെട്ടു, ”അദ്ദേഹം പറഞ്ഞു.
Read More: മൂന്നാം തരംഗം ഉറപ്പ്, തീർത്ഥാടനത്തിനും വിനോദയാത്രക്കും കാത്തിരിക്കാം: ഐഎംഎ
ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു അമിത്ഷായുടെ പൊതു സമ്മേളനം. എല്ലാവരും വേഗത്തിൽ തന്നെ വാക്സിനെടുക്കണമെന്നും അതിലൂടെ ആരും കൊറോണ വന്ന് മരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാമെന്നും പൊതു സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.
“നാർദിപൂർ, ഗാന്ധിനഗർ നിയോജകമണ്ഡലങ്ങളിലുള്ള ആരും കൊറോണ ബാധിച്ച് മരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാം. ഇത് എങ്ങനെ സാധ്യമാകുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അത് സാധ്യമാണെന്ന് ഞാൻ പറയുന്നു. നരേന്ദ്രഭായ് (മോദി) 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിനേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കുമായി വാക്സിനുകൾ ലഭിക്കാനായി നമ്മൾ ശ്രദ്ധാപൂർവ്വം ക്രമീകരണങ്ങൾ നടത്തണം,” അമിത് ഷാ പറഞ്ഞു.
Read More: ജൂൺ 21ന് ശേഷം രാജ്യത്ത് പ്രതിദിന വാക്സിൻ വിതരണത്തിൽ ഇടിവെന്ന് കണക്കുകൾ
വാക്സിനേഷൻ പരിപാടി ശരിയായി നടക്കുന്നുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഷാ ജനങ്ങളുടെ മനസ്സിൽ നിന്ന് വാക്സിനേഷനെക്കുറിച്ചുള്ള സംശയങ്ങളോ തെറ്റിദ്ധാരണകളോ സംശയങ്ങളോ ഇല്ലാതാക്കണമെന്ന് പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
വാക്സിനേഷനെ ആരും ഭയപ്പെടേണ്ടതില്ലെന്നും ഈ വാക്സിൻ കൊറോണയിൽ നിന്ന് രക്ഷിക്കുമെന്നും ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ഷാ പറഞ്ഞു.