അഹമ്മദാബാദ്: ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടടുപ്പ് ഇന്ന് നടക്കും. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കനിരിക്കുന്നത്. ബാംഗ്ലൂരിൽ പാർപ്പിച്ചിരുന്ന കോൺഗ്രസ് എം.എൽ.എമാർ എല്ലാം തലസ്ഥാനത്ത് തിരിച്ച് എത്തിയിട്ടുണ്ട്. എന്നാൽ രണ്ട് എന്‍സിപി എംല്‍എമാര്‍ അവസാനനിമിഷം ബിജെപിക്കൊപ്പം പോയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചു. രാവിലെ ഒന്‍പതുമണിയോടെ നിയമസഭയില്‍ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും.

182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. നേതൃത്വവുമായി ഇടഞ്ഞ് ആറു കോണ്‍ഗ്രസ് എംഎല്‍മാര്‍ രാജിവെച്ചതോടെ സഭയിലെ അംഗസംഖ്യ 176 ആയി. മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥി ജയിക്കാന്‍ വേണ്ട വോട്ട് നാല്‍പത്തി അഞ്ചാണ്. 121 എംഎല്‍എമാരുള്ള ബിജെപിക്ക് അമിത് ഷായെയും സ്മൃതി ഇറാനിയുടെയും എളുപ്പം ജയിപ്പിക്കാം. മൂന്നാമത്തെ സീറ്റിലേക്ക് സോണിയാഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിങ് രാജ്പുട്ടുമാണ് മത്സരിക്കുന്നത്.
51 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പം ഉള്ളത്. ഇവരില്‍ ഏഴുപേര്‍ നിലവില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നില്ല. ബാക്കിയുള്ള 44 പേരുടെ പിന്തുണ ഉറപ്പാണെന്ന് അഹമ്മദ് പട്ടേല്‍ പറയുന്നു.

ഇതുവരെ കൂടെയുണ്ടായിരുന്ന എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ അവസാന നിമിഷം ബിജെപിക്കൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി. നോട്ട ഓപ്ഷനുള്ള തെരഞ്ഞെടുപ്പ് കൂടിയുള്ളതാണ് ഇത്തവണത്തേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ