കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി ബില്ലിലും നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ രജിസ്റ്ററിനു മുന്‍പ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ ആദ്യം കൊണ്ടുവരുന്നത് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ അവസരമാകുമെന്നും അമിത് ഷാ പറഞ്ഞു.

മമത ബാനര്‍ജി പറയുന്നത് വിശ്വസിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. “കിംവദന്തികളാണ് മമത ബാനര്‍ജി പറയുന്നത്. പൗരത്വ പട്ടികയിലൂടെ ഹിന്ദു അഭയാര്‍ഥികളെ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് മമത ബാനര്‍ജി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. എന്നാല്‍, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു അഭയാര്‍ഥികളായ സഹോദരങ്ങള്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാര്‍ അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കില്ല” അമിത് ഷാ പറഞ്ഞു. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.

Read Also: നാല് വോട്ടിന് വേണ്ടി എന്തും ചെയ്യുന്നവരല്ല, തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി പുറത്തുവിടണം: പിണറായി

ഹിന്ദു, സിഖ്, ജൈന, ബുദ്ധമത, കൃസ്ത്യന്‍ അടക്കം എല്ലാ സമുദായത്തിലുമുള്ള അഭയാര്‍ഥികൾക്ക് രാജ്യം വിടാന്‍ കേന്ദ്രം നിങ്ങളെ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അമിത് ഷാ കൊൽക്കത്തയിൽ വ്യക്തമാക്കി.

“പ്രതിപക്ഷത്തായിരുന്നപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കണമെന്ന നിലപാടായിരുന്നു മമതയ്ക്ക്. ഇപ്പോള്‍ ആ നുഴഞ്ഞുകയറ്റക്കാരെല്ലാം മമതയ്ക്ക് വോട്ട് ബാങ്കായി. അതുകൊണ്ട് അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കരുതെന്ന നിലപാടാണ് മമത ബാനര്‍ജിയ്ക്കുള്ളത്. ദേശീയ താല്‍പര്യങ്ങള്‍ക്കു മുകളില്‍ നില്‍ക്കുന്നതാകരുത് രാഷ്ട്രീയ താല്‍പര്യങ്ങള്‍.” മമതയെ വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook