ന്യൂഡൽഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയെ സ്മരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ തനിക്കൊപ്പം നിന്ന വ്യക്തിയാണ് അരുണ്‍ ജെയ്റ്റ്ലിയെന്ന് അമിത് ഷാ പറഞ്ഞു. “പ്രശ്നങ്ങളുണ്ടായ സമയത്തെല്ലാം ജെയ്റ്റ്ലിജി എനിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം നമുക്കൊപ്പമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ദുഃഖം താങ്ങാന്‍ കുടുംബത്തിനും ബിജെപി പ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു.”-അമിത് ഷാ പറഞ്ഞു.
Read Also: അരുൺ ജെയ്റ്റ്ലി ഇനി ഓർമ; ചില അപൂർവ്വ ചിത്രങ്ങൾ
അരുണ്‍ ജെയ്റ്റ്ലിയുടെ മരണം ബിജെപിക്ക് തീരാനഷ്ടമാണ്. അടിയന്തരാവസ്ഥ കാലത്ത് വിദ്യാര്‍ഥിയായിരിക്കെ 19 മാസം ജയിലില്‍ കിടന്ന നേതാവാണ് അദ്ദേഹം. പാര്‍ലമെന്റിൽ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയിരുന്ന നേതാവ് കൂടിയാണ് അരുണ്‍ ജെയ്റ്റ്ലി എന്നും അമിത് ഷാ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്ലിയുടെ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അരുൺ ജെയ്റ്റ്ലിയുടെ അന്ത്യം. 66 വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
Read Also: അരുൺ ജെയ്റ്റ്ലി അന്തരിച്ചു
അനാരോഗ്യത്തെ തുടര്‍ന്ന് 2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു. 1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.
വാജ്പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.