ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങളും പ്രകോപനപരമായ പ്രസംഗങ്ങളും ബാധിച്ചിരിക്കാമെന്നാണ് അമിത് ഷായുടെ വാദം.

‘രാജ്യദ്രോഹികൾക്കെതിരെ വെടിയു​തിർക്കൂ’, ‘ഇന്ത്യ-പാക് പോരാട്ടം’ എന്നീ പരാമർശങ്ങൾ ബാധിച്ചിരിക്കാമെന്നും അത്തരം പരാമർശങ്ങളിൽ നിന്ന് ബിജെപി നേതാക്കൾ അകലം പാലിക്കേണ്ടതുമുണ്ടായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. ടൈംസ് നൗ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരല്ല ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി നേതാവും കേന്ദ്ര ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറാണ് കൊലവിളി പ്രസംഗം നടത്തിയത്. റിഠാല മണ്ഡലത്തിൽ സംസാരിക്കുമ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ‘രാജ്യദ്രോഹികൾക്കെതിരെ വെടിയു​തിർക്കാൻ ആഹ്വാനം ചെയ്തത്. ഇതോടൊപ്പം ബിജെപി സ്ഥാനാർഥി കപിൽ ശർമ തിരഞ്ഞെടുപ്പിനെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമെന്നും വിശേഷിപ്പിച്ചു. ഇരുവർക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയും സ്വീകരിച്ചിരുന്നു.

Also Read: ഡൽഹി കൂട്ടബലാത്സംഗ കേസ്: പുതിയ മരണ വാറണ്ട് ഇന്നില്ല, ഹർജി തിങ്കളാഴ്ച പരിഗണിക്കും

തോൽവി സമ്മതിക്കുന്നുവെന്നും ഇതാദ്യമായല്ല തെരഞ്ഞെടുപ്പിൽ തോൽക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിൽ ഉൾപ്പെടെ മുമ്പ്​ തോറ്റിട്ടുണ്ട്​. തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട്​ ജനങ്ങൾ ഞങ്ങളെ തള്ളിയെന്ന്​ അർഥമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 45 സീറ്റുകൾ നേടുമെന്നായിരുന്നു കണക്ക്​ കൂട്ടലുകളെന്നും അത് തെറ്റിയെന്നും അമിത് ഷാ.

പൗരത്വ ഭേദഗതി നിയമം രാജ്യതാൽപര്യമാണ്​. വ്യക്​തി താൽപര്യമല്ല. ബി.ജെ.പി അധികാരത്തിലുള്ള കാലത്തോളം നിയമ ഭേദഗതിക്കുള്ള ശ്രമം തുടരും. പൗരത്വ നിയമ ഭേദഗതിയിൽ മുസ്​ലിം വിരുദ്ധമായ ഒന്നുമില്ല. അങ്ങനെ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ​ സംവാദത്തിന്​ തയാറാണ്​.

വലിയ സന്നാഹങ്ങളുമായി ഇറങ്ങിയിട്ടും ബിജെപിക്ക് ഡൽഹി തിരഞ്ഞെടുപ്പിൽ തിളങ്ങാനായിരുന്നില്ല. കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റ് എട്ടാക്കാനായത് മാത്രമാണ് നേട്ടം. 70 സീറ്റുകളിൽ 62ഉം നേടിയാണ് ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook