ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവികളിൽ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി ആത്മപരിശോധന നടത്തുമെന്നും 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കേണ്ടത് പാർട്ടിയുടെ മാത്രമല്ല, രാജ്യത്തിന്റെ കൂടി ആവശ്യമാണെന്നും ഷാ പറഞ്ഞു. മുംബൈയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ടിവി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് അനുകൂലമായിരുന്നില്ല. പക്ഷേ ഇവയെ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. രണ്ടും രണ്ടാണ്,” ഷാ പറഞ്ഞു.
ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി ആത്മപരിശോധന നടത്തും. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലും മറ്റിടങ്ങളിലും ജയിച്ച് ബിജെപിയെ പോലെ ശക്തമായൊരു സർക്കാർ അധികാരത്തിൽ വരേണ്ടത്, രാജ്യത്തിന്റെ കൂടി ആവശ്യമാണെന്നും ഷാ അഭിപ്രായപ്പെട്ടു. 2019 ലെ തിരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യത്തിലേർപ്പെടുമോ എന്ന ചോദ്യത്തിന് ലോക്സഭ തിരഞ്ഞെടുപ്പിൽ ശിവസേന ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ചർച്ചകൾ നടക്കുകയാണെന്നും ഷാ മറുപടി നൽകി. പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് വ്യത്യസ്തമായ ഒന്നാണെന്നും അധികനാൾ അത് നിലനിൽക്കില്ലെന്നുമാണ് ഷാ പറഞ്ഞത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 15 വർഷത്തെ ബിജെപി ഭരണത്തിനാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അന്ത്യം കുറിച്ചത്. രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മധ്യപ്രദേശിൽ 114 സീറ്റും ഛത്തീസ്ഗഡിൽ 68 സീറ്റുമാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 109 ഉം 15 ഉം സീറ്റുകളാണ് നേടാനായത്. രാജസ്ഥാനിൽ കോൺഗ്രസ് 99 സീറ്റ് നേടിയപ്പോൾ ബിജെപി 73 സീറ്റിൽ ഒതുങ്ങി.