ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യപാല്‍ മാലിക്ക് പറയുന്നത് സത്യമാണെങ്കില്‍ ഗവര്‍ണറായിരുന്നപ്പോള്‍ എന്തുകൊണ്ട് അദ്ദേഹം ഒന്നും മിണ്ടിയില്ല എന്നാണ് അമിത് ഷായുടെ ചോദ്യം.
ഇന്ത്യാ ടുഡേയുടെ റൗണ്ട്‌ടേബിള്‍ പരിപാടിയിലാണ് അമിത് ഷായുടെ മറുപടി. സത്യപാല്‍ മാലിക്കിനെ സിബിഐ വിളിപ്പിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ലെന്നും, അന്വേഷണം നടക്കുന്നതിനാലും ഇതിനകം തന്നെ രണ്ട് തവണ അദ്ദേഹത്തെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളില്‍ നിന്ന് പിരിഞ്ഞതിന് ശേഷം മാത്രം എന്തുകൊണ്ടാണ് ഇത്തരക്കാര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുന്നതെന്ന് നമ്മള്‍ ചോദിക്കണമെന്നും അമത് ഷാ പറഞ്ഞു.
2019ലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മാലിക് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ആക്രമണത്തിന് വഴിതെളിച്ചത് സുരക്ഷാവീഴ്ചയാണെന്ന് ഒരു അഭിമുഖത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
‘ഭാരതീയ ജനതാ പാര്‍ട്ടിക്ക് മറച്ചുവെക്കേണ്ട ഒന്നും ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,ആരെങ്കിലും അധികാരത്തിലല്ലാതിരിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമ്പോള്‍ ആരോപണങ്ങളും സൂക്ഷ്മമായി പരിശോധിക്കണം അദ്ദേഹം അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് സത്യപാല്‍ മാലിക്കിനെ തിരഞ്ഞെടുത്തത് പാര്‍ട്ടി ചോദ്യം ചെയ്‌തോ എന്ന ചോദ്യത്തിന് അദ്ദേഹം വളരെക്കാലമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, ഒരിക്കല്‍ എന്റെ ടീമിലും ഉണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് അവരുടെ ജീവിതത്തിനിടയില്‍ കാലാകാലങ്ങളില്‍ അവരുടെ നിറങ്ങള്‍ മാറ്റാന്‍ കഴിയും, പൊതുജനങ്ങള്‍ അത് തിരിച്ചറിയണം അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 14 ന് 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് ശേഷം താന്‍ നടത്തിയ ചില വീഴ്ചകളെക്കുറിച്ച് നിശബ്ദത പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടതായാണ് സത്യപാല്‍ അടുത്തിടെ പറഞ്ഞത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിആര്‍പിഎഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതായും സത്യപാല്‍ ആരോപിച്ചു.
വെള്ളിയാഴ്ച (ഏപ്രില്‍ 21), ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ തന്നെ അറിയിച്ചിട്ടുണ്ടെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ വിഷയത്തില്‍ തനിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായി സത്യപാല്‍ ആരോപിച്ചിരുന്നു. ”സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ച് ഈ ദിവസത്തിലൊരിക്കല്‍ ഞാന്‍ ഡല്‍ഹിയില്‍ വരുമോ എന്ന് ചോദിച്ചു. ഏപ്രില്‍ 23 ന് ഞാന്‍ ഡല്‍ഹിയില്‍ വരുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. പദ്ധതികളെക്കുറിച്ച് അവര്‍ക്ക് കുറച്ച് വിശദീകരണം തേടണം, അതിനായി എനിക്ക് അക്ബര്‍ റോഡിലുള്ള അവരുടെ ഗസ്റ്റ് ഹൗസിലേക്ക് പോകേണ്ടിവരും, ”സത്യപാല്‍ മാലിക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.