ബാരാമുള്ള:ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം താഴ്വരയിലെ തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
”ഞാന്‍ പാകിസ്ഥാനുമായി സംസാരിക്കണമെന്ന് ചിലര്‍ എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നു, എഴുപത് വര്‍ഷമായി ഇവിടെ ഭരിക്കുന്നവര്‍ എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, പക്ഷെ വ്യക്തമായി പറയുന്നു എനിക്ക് പാകിസ്ഥാനുമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ല. ബാരാമുള്ളയിലെ ഗുജ്ജറുകളോടും പഹാരികളോടും ഞാന്‍ സംസാരിക്കും. കശ്മീരിലെ യുവാക്കളോട് ഞാന്‍ സംസാരിക്കും. പാകിസ്ഥാന്‍ ഇവിടെ ഭീകരവാദം പ്രചരിപ്പിച്ചു. അവര്‍ കാശ്മീരിന് എന്ത് ഗുണമാണ് ചെയ്തതെന്നും” അമിത് ഷാ ചോദിച്ചു.
എഴുപത് വര്‍ഷമായി കശ്മീര്‍ ഭരിച്ച മൂന്ന് കുടുംബങ്ങളെയും അമിത് ഷാ ലക്ഷ്യമിട്ടു. വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയാലുടന്‍ ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും ഷാ പറഞ്ഞു.
ബഹുതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാരാമുള്ളയിലാണ് അമിത ഷായുടെ റാലി നടന്നത്. റാലിയില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. അവരില്‍ ഭൂരിഭാഗവും അതിര്‍ത്തി പ്രദേശങ്ങളായ താങ്ധര്‍, ഉറി, ബന്ദിപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബാരാമുള്ളയ്ക്ക് ചുറ്റും കനത്ത സുക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വേദിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സംഗ്രാമയില്‍ നിന്ന് നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.
‘ഞാന്‍ മെഹബൂബ (മുഫ്തി) ജിയുടെ ഒരു ട്വീറ്റ് കണ്ടു. (അവര്‍ ചെയ്ത കാര്യങ്ങള്‍) കണക്ക് നല്‍കിയതിന് ശേഷം മാത്രമേ ആഭ്യന്തരമന്ത്രി തിരികെ പോകാവൂ എന്ന് അവര്‍ പറഞ്ഞിരുന്നു, ”ഷാ പറഞ്ഞു. ”മെഹബൂബാ ജി, തുറന്ന കാതുകളോടെയും കണ്ണുകളോടെയും കേള്‍ക്കൂ, ഞങ്ങള്‍ എന്താണ് ചെയ്തത്, അതിന്റെ കണക്ക് ഞങ്ങള്‍ നല്‍കും, പക്ഷേ നിങ്ങളും ഫാറൂഖ് (അബ്ദുള്ള) സാഹിബും എന്താണ് ചെയ്തത്, ആ കണക്ക് നിങ്ങള്‍ പിന്നീട് പറയണം… ഞാന്‍ നിങ്ങളോട് ചോദിക്കാന്‍ വന്നതാണ്, മെഹബൂബയും. ഫാറൂഖ് സാഹിബ്, 70 വര്‍ഷത്തിനുള്ളില്‍ കശ്മീരിലേക്ക് എത്ര നിക്ഷേപം വന്നു, എത്ര വ്യവസായങ്ങള്‍ സ്ഥാപിച്ചു, എത്ര ഫാക്ടറികള്‍ തുറന്നു, എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി എന്ന് ഞങ്ങളോട് പറയൂ. 70 വര്‍ഷം കൊണ്ട് 15,000 കോടി മാത്രം. മൂന്ന് വര്‍ഷം കൊണ്ട് 56,000 കോടിയുടെ നിക്ഷേപമാണ് മോദി കൊണ്ടുവന്നത്. മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിലെ പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍ നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ വികസിപ്പിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം 22 ലക്ഷം ടൂറിസ്റ്റുകള്‍ കശ്മീര്‍ സന്ദര്‍ശിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ താഴെത്തട്ടില്‍ എത്തിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അതിനുമുമ്പ് ജനാധിപത്യം മൂന്ന് കുടുംബങ്ങള്‍ക്കും 87 നിയമസഭാംഗങ്ങള്‍ക്കും മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.