ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളിലടക്കം പ്രതികളാകുന്നവരുടെ ശിക്ഷയില്‍ കാലതാമസം വരുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹൈദരാബാദ് വെടിവയ്‌പ്, ഉന്നാവോ സംഭവം എന്നിവയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലും ക്രിമിനല്‍ പ്രൊസീജര്‍ കോഡിലും കാലത്തിനനുസൃതമായ മാറ്റങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ അടക്കം ഇരകളാകുന്നവര്‍ക്ക് അതിവേഗത്തില്‍ നീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

Read Also: സ്ത്രീകൾക്കെതിരായ ആക്രമണം; ജന്മദിനാഘോഷങ്ങൾ ഒഴിവാക്കി സോണിയ ഗാന്ധി

ഐപിസി, സിആര്‍പിസി എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുസരിച്ച് ഐപിസിയിലും സിആര്‍പിസിയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി അമിത് ഷാ പറഞ്ഞു. 2012 ലെ നിര്‍ഭയ കേസിലടക്കം പ്രതികള്‍ക്ക് ശിക്ഷ വൈകിയതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു.

Read Also: തെലങ്കാന വെടിവയ്‌പ് മുഴുവൻ രാജ്യത്തിനുളള സന്ദേശമെന്ന് മന്ത്രി തലസാനി ശ്രീനിവാസ് യാദവ്

ഹൈദരാബാദ് വെടിവയ്‌പ് വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ വിഷയമാണ് ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെ വിചാരണ വൈകുന്നത്. പ്രതികൾക്ക് ശിക്ഷ വൈകുമ്പോൾ ഇരകളായവർക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. പീഡനക്കേസുകളിലും കുട്ടികൾക്കെതിരായ അതിക്രമ കേസുകളിലും അതിവേഗ കോടതി സ്ഥാപിച്ച് വിചാരണയും ശിക്ഷയും വേഗത്തിലാക്കണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook