ന്യൂഡല്‍ഹി: ദി വയര്‍ അമിത് ഷായുടെ മകനുനേരെ പുറത്തുവിട്ട റിപ്പോര്‍ട്ടിനു പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍ പുകയുന്നു. അമിത് ഷാക്കെതിരെ രണ്ടു സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ ‘സ്വതന്ത്ര ബെഞ്ചിന്‍റെ’ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തിയ കോണ്‍ഗ്രസ് നീതിപൂർവമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനായി അമിത് ഷാ ബിജെപി ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്നും ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ, മുന്‍ ബിജെപി പ്രസിഡന്റുമാരായ എല്‍.കെ.അദ്വാനി, ബങ്കാരു ലക്ഷ്മണ്‍, നിതിന്‍ ഗഡ്കരി എന്നിവര്‍ ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രാജി വച്ചുകൊണ്ട് മാതൃക കാട്ടിയിട്ടുണ്ട് എന്നും ഓര്‍മിപ്പിച്ചു.

അഹമ്മദാബാദില്‍ സംസാരിക്കുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ജയ്‌ ഷാക്ക് നേരെ ഉയര്‍ന്ന ആരോപണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. “സ്വതന്ത്രവും പക്ഷപാതമില്ലാത്തതുമായ ” അന്വേഷണം വേണം എന്നാവശ്യപ്പെട്ട അദ്ദേഹം ഇതിനായി രണ്ടു സുപ്രീംകോടതി സിറ്റിങ്ങ് ജഡ്ജിമാരെ ചുമതലപ്പെടുത്തണം എന്നും പറഞ്ഞു. “അമിത് ഷായുടെ യോഗ്യനായ മകന്‍റെ പ്രവര്‍ത്തനത്താല്‍ സ്വയം സന്മാര്‍ഗികളും സത്യസന്ധരുമായി സ്ഥാപിച്ചെടുത്തവര്‍ തുറന്നുവയ്ക്കപ്പെട്ടിരിക്കുകയാണ്” എന്നു പറഞ്ഞുകൊണ്ട് ആരംഭിച്ച ജയറാം രമേഷ് ” ഇത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ വിഷയമാണ്. ആവശ്യം വരികയാണ് എങ്കില്‍ ഇത് പാര്‍ലമെന്റിലും ചര്‍ച്ചയാക്കും” എന്നും പറഞ്ഞു.

മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും ജയ്‌ ഷാക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി. സിബിഐയോ ആദായ നികുതി വകുപ്പോ ഇഡിയോ പോലുള്ള ഏജന്‍സികൾ ജയ്‌ ഷായുടെ കമ്പനിയുടെ ഇടപാടുകള്‍ പരിശോധിക്കണം എന്നും അമിത് ഷാ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ എന്നും അന്വേഷണം വേണമെന്നായിരുന്നു പൃഥ്വിരാജ് ചവാന്‍ പറഞ്ഞത്. അന്വേഷണം അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

Read More : സ്വത്തില്‍ അസാധാരണ കുതിപ്പ്: ജയ് ഷാക്കെതിരെ പ്രതിപക്ഷം, 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ജയ്‌ഷാ

” പ്രധാനമന്ത്രി ഒരു ദിവസം കുറേ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. ഓരോ വിഷയത്തെ കുറിച്ചും അദ്ദേഹം ധാരാളം സംസാരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അദ്ദേഹം പാലിക്കുന്ന ഈ നിശബ്ദത അവസാനിപ്പിക്കുകയും ഒരു അന്വേഷണ കമ്മfറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്യേണ്ടതാണ്. പക്ഷപാതമില്ലാത്തൊരു അന്വേഷണം ആവശ്യമാണ്‌.” ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച രാജ്യ സഭാ എംപി ആനന്ദ് ശര്‍മ പറഞ്ഞു.

ജയ്‌ ഷാക്കെതിരെ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസിനെതിരായ ബിജെപിയുടെ അക്രമത്തിനോടും ആനന്ദ് ശര്‍മ പ്രതികരിച്ചു. ” ആ വിഷയത്തെ കുറിച്ച് സംസാരിക്കരുത് എന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. അച്ഛന്‍ സ്വാധീനമുള്ള ഒരു സ്ഥാനത്ത് എത്തിയ ശേഷം (ജയ്‌ ഷായുടെ) വ്യവസായത്തില്‍ ഒരു ഉയര്‍ച്ച ഉണ്ടായിട്ടുണ്ട് എങ്കില്‍, അതിനു ശേഷം വ്യവസായത്തിനു സര്‍ക്കാരില്‍ നിന്നും ബാങ്കില്‍ നിന്നും വായ്പ ലഭിക്കുകയാണ് എങ്കില്‍ സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരും. അവര്‍ ചോദിച്ചുകൊണ്ടിരുന്ന (പ്രതിപക്ഷത്തായിരുന്നപ്പോള്‍) ചോദ്യങ്ങളെ കുറിച്ചും അവര്‍ ഓര്‍ക്കേണ്ടതുണ്ട്. അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടായിരുന്നു എങ്കില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും അതേ അവകാശം തന്നെയാണ് ഉള്ളത്.

ജയ്‌ ഷായെ പ്രതിരോധിച്ചു മുന്നോട്ടു വന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ” അദ്ദേഹം കേന്ദ്രമന്ത്രിയോ ജയ്‌ ഷായുടെ വക്താവാണോ ? ” ആനന്ദ് ശര്‍മ ആരാഞ്ഞു.

Read More : ജയ്‌ ഷായെ പ്രതിരോധിച്ച് രാജ്നാഥ് സിങ്ങും, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് അഭ്യന്തരമന്ത്രി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ