ന്യൂഡൽഹി: കശ്മീരിൽ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താഴ്‌വരയിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിനെക്കുറിച്ച് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരക്കുകയായിരുന്നു അദ്ദേഹം.
“എവിടെയാണ് നിയന്ത്രണങ്ങൾ? അത് നിങ്ങളുടെ മനസിൽ മാത്രമാണ്. അവിടെ യാതൊരു നിയന്ത്രണങ്ങളും ഇല്ല. ആകെയുള്ളത് നിയന്ത്രണങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ മാത്രമാണ്.” അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായകമായ തീരുമാനമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ കശ്മീർ രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശമാകുമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ 196 പൊലീസ് സ്റ്റേഷനുകളിൽ എട്ട് സ്റ്റേഷൻ പരിധികളിൽ മാത്രമാണ് നിയന്ത്രണങ്ങൾ നിലവിലുള്ളത്. ജമ്മു കശ്മീരിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന തീവ്രവാദത്തിൽ 41,800 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാൽ ജവാന്മാർക്ക് നഷ്ടമായ മനുഷ്യാവകാശങ്ങളെ പറ്റി സംസാരിക്കനോ അവരുടെ കുട്ടികൾക്കും ഭാര്യമാർക്കുവേണ്ടി യും ആരും ശബ്ദമുയർത്തിയില്ലായെന്നും അമിത് ഷാ ആരോപിച്ചു.
Also Read: ശരീരത്തിൽ തിളച്ച എണ്ണയും നെയ്യും ഒഴിച്ച് മന്ത്രവാദം; പത്തു വയസുകാരന് ദാരുണാന്ത്യം
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും ചെയ്തിരുന്നു.