ന്യൂഡൽഹി: 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ തീവ്രവാദ സംഭവങ്ങളും കല്ലേറുകളുടെയും എണ്ണം കുറഞ്ഞുവെന്ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ സന്ദർശനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
സമാധാനം നശിപ്പിക്കാനോ വികസനത്തിന്റെ പാത തടസ്സപ്പെടുത്താനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷാ പ്രസ്താവിച്ചു. ജെ ആൻഡ് കെ യൂത്ത് ക്ലബ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തീവ്രവാദം കുറഞ്ഞു, കല്ലെറിയൽ അദൃശ്യമായിത്തീർന്നു … ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഇവിടെ വികസനം തടയാൻ ആർക്കും കഴിയില്ല. ഇത് ഞങ്ങളുടെ പ്രതിബദ്ധതയാണ്, ” അമിത് ഷാ പറഞ്ഞു.
“2019 ഓഗസ്റ്റ് അഞ്ച് (ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് അനുകൂലമായി പാർലമെന്റ് വോട്ട് ചെയ്ത തീയതി) സുവർണ്ണ ലിപികളിൽ എഴുതപ്പെടും. ഇത് തീവ്രവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അവസാനമായിരുന്നു… കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിൽ ജമ്മു കശ്മീർ യുവാക്കൾ സംഭാവന നൽകണം, അത് അവരുടെ ഉത്തരവാദിത്തമാണ്,” അമിത് ഷാ പറഞ്ഞു.
താഴ്വരയിലെ സിവിലിയൻ കൊലപാതക പരമ്പരകളുടെയും ജമ്മുവിലെ പൂഞ്ച് മേഖലയിൽ കഴിഞ്ഞയാഴ്ച ഒമ്പത് സൈനികരെ കൊലപ്പെടുത്തിയ തീവ്രവാദികൾക്കായുള്ള തിരച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.