“നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ, തങ്ങളുടെ നാനാവിധ വികസന അജണ്ടയുമായി 2019 ൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കും,” രാഷ്ട്രീയ ധ്രുവീകരണവും അന്തരീക്ഷമാറ്റവും ഉൾപ്പടെയുള്ള എല്ലാത്തരം വിമർശനങ്ങളെയും തള്ളിമാറ്റിക്കൊണ്ട്, തന്റെ സ്വതസിദ്ധമായ ആർജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും അമിത് ഷാ പറയുന്നു.
“രാഷ്ട്രീയ ലക്ഷ്യങ്ങൾ ലാക്കാക്കിയുള്ള മതാധിഷ്ഠിത ധ്രുവീകരണം ബിജെപിയുടെ അജണ്ടയിലുണ്ടാകില്ല. രാഷ്ട്രീയാന്തരീക്ഷത്തെ വർഗ്ഗീയവത്കരിക്കുന്നതിനുള്ള യാതൊരു തരത്തിലുള്ള ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാകില്ല.” ഷാ പറഞ്ഞു. “മറ്റാരെക്കാളും മാധ്യമങ്ങളുടെ ഒഴിയാബാധയാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയാന്തരീക്ഷത്തെ ആകമാനമായും, ബിജെപിയെ സവിശേഷമായും ബാധിക്കുന്ന, ആൾക്കൂട്ട ശിക്ഷകളും സമൂഹ നിയമനടത്തിപ്പുകളും ഉൾപ്പെടുന്ന പ്രധാന പ്രശ്നങ്ങളെപ്പറ്റി, സംസാരിക്കുന്ന അമിത് ഷായുമായുളള അഭിമുഖത്തിന്റെ പൂർണരൂപം നാളത്തെ “സൺഡേ എക്സ്പ്രസ്സ്” പ്രസിദ്ധീകരിക്കുന്നു
“രാഷ്ട്രീയാന്തരീക്ഷത്തിന്റെ മാറ്റം” എന്ന ആശയത്തെ അമിത് ഷാ തള്ളിക്കളയുന്നു. “കൂടുതൽ ശക്തമായ ബിജെപി അനുകൂല തരംഗമാണിപ്പോൾ ഉള്ളത്,” രാജ്യ വ്യാപക സന്ദർശനം നടത്തിയ ഷാ വിശ്വസിക്കുന്നു.
അമിത് ഷായുടെ വാക്കുകളിൽ നിലവിലത്തെ സാഹചര്യം : “ദൂർ ദൂർ തഖ് കഹിം ചലഞ്ച് ഖടാ ഹുവ നഹിം ദിഖ്താ” (വെല്ലുവിളിക്കാർ കണ്ണെത്താ ദൂരത്ത് പോലുമില്ല)
“ബിജെപിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 11 കോടിയായി. അത്രയും പേരെ ഞങ്ങൾ അംഗങ്ങളായി ചേർത്തിട്ടുണ്ട് എന്നാണർത്ഥം. ഈ സംഖ്യ ഇനിയും ഉയരും, അവർ എല്ലായിടത്തും വ്യാപിച്ചിട്ടുമുണ്ട്. ഇവയെല്ലാം പ്രകടമായും ഞങ്ങളുടെ വോട്ടുകളാണ്. അവരിൽ പാതിയിലേറെപേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചാൽ ഞങ്ങൾ അനായാസമായി വിജയിക്കും,” ഷാ പറഞ്ഞു.
ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ചേർന്നുള്ള മഹാസംഗമമെന്ന ആശയത്തെ അദ്ദേഹം തള്ളിക്കളയുന്നു.“ ഏതു സംസ്ഥാനത്താണവർ ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തുക?’ ഷാ ചോദിച്ചു. “മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടർമാർ ഈ പാർട്ടികളെ പുറന്തള്ളിയിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
സ്വന്തം ശക്തിയിൽ ബിജെപിയ്ക്ക് ഇത്ര ഉറപ്പാണെങ്കിൽ, കാവിപ്പടയിലെ ചിലർ എന്തിനാണ് അന്തരീക്ഷം ദുഷിപ്പിക്കുന്നതിനെന്ന ചോദ്യത്തിന് ഷായുടെ മറുപടി ഇങ്ങനെ: “ഇത്തരത്തിലുള്ള ഒരു സംഭവത്തിലും ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടില്ല. അത്തരമൊരു പ്രതീതി വരുത്തിത്തീർക്കുന്നത് മാധ്യമങ്ങളാണ്. അവർ കെട്ടിയുണ്ടാക്കിയില്ലെങ്കിൽ ധ്രുവീകരണമെന്നൊന്ന് ഉണ്ടാകില്ല, ക്രിയാത്മകമായ പലതും ഞങ്ങൾക്കനുകൂലമായി അജണ്ടയിലുള്ളപ്പോൾ എന്തിനാണ് ഞങ്ങളിത് (ധ്രുവീകരണം) സൃഷ്ടിക്കണം? ബിജെപി അതിന്റെ നൂതനമായ ക്ഷേമപദ്ധതികളിലൂടെ 19 സംസ്ഥാനങ്ങളിലെ 22 കോടി ജനങ്ങളുടെ ജീവിതത്തിൽ പരിവർത്തനങ്ങളുണ്ടാക്കി. 7.5 കോടി ഭവനങ്ങളിൽ കക്കൂസുകൾ നിർമ്മിച്ചു, 19,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു. 12 കോടി ആളുകൾ മുദ്ര ലോണുകളുടെ ഗുണഭോക്താക്കളായി, 18 കോടി കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി, 19 കോടി ജനങ്ങളെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. കൂടാതെ ഞങ്ങളുടെ ഭരണകാലത്ത് നടത്തപ്പെട്ട റെയിൽ, റോഡ് വികസനങ്ങളും. 2019 തരണം ചെയ്യുവാൻ ഇതെല്ലാം ധാരാളമാണ്.”
ജമ്മു കശ്മീരിലേതുൾപ്പടെയുള്ള വിവിധ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വർഗ്ഗീയത കലർത്തുന്നുവെന്ന രൂക്ഷവിമർശനം ഭരണകക്ഷി നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഷാ അങ്ങനെ കരുതുന്നില്ല. സ്വാതന്ത്ര്യലബ്ധി മുതൽ ജമ്മു കശ്മീരിനെ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ചരിത്രപരമായ തെറ്റുകൾ തിരുത്തുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു, ഈ വിഷയത്തിൽ ഷായുടെ മറുപടി. “അവികസിത പ്രദേശങ്ങൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുക എന്നതാണ് ഓരോ നല്ല സർക്കാരിന്റെയും ചുമതല. അതിനാൽ, ജമ്മു കശ്മീരിൽ, ലഡാക്കിലോ ജമ്മുവിലോ നിരവധി പ്രവർത്തനങ്ങൾ ഉണ്ടാകുന്നുവെങ്കിൽ, അത്, ഈ പ്രദേശങ്ങൾ (മുൻ സർക്കാരുകളുടെ) തെറ്റായ നയങ്ങൾ മൂലം അവഗണിക്കപ്പെട്ടു കിടന്നതുകൊണ്ടാണ്. ഞങ്ങളവയെല്ലാം തിരുത്തുക മാത്രമാണ് ചെയ്യുന്നത്,” ഷാ പറഞ്ഞു.
“സഖ്യകക്ഷികളോട് സൗഹൃദമില്ലാത്ത” പാർട്ടിയാണ് ബിജെപി എന്ന വിമർശനത്തെ പാർട്ടി പ്രസിഡന്റ് നിഷേധിക്കുന്നു. തെലുങ്കു ദേശം പാർട്ടി മുന്നണി വിട്ടു പോയതിൽ നിന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വിമർശനത്തിൽ നിന്നും അധികമൊന്നും വായിച്ചെടുക്കുവാനില്ലെന്ന് അമിത് ഷാ പറയുന്നു. ബിജെപി, സഖ്യം പുതുക്കുവാനായി ടിഡിപിയെ സമീപിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. “ശിവസേനയെ സംബന്ധിച്ചിടത്തോളം, ഇപ്പോഴവർ സഖ്യത്തിലാണെന്നും ഞങ്ങളോടൊപ്പം സർക്കാരിലുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അവർ ഞങ്ങളോടൊപ്പമായിരിക്കുന്നിടത്തോളം കാലം അതിനെക്കുറിച്ചെന്തിനാലോചിക്കണം?” സേനയെ കുറിച്ച് പ്രത്യക്ഷമോ പരോക്ഷമോ ആയ വിമർശനം ഒഴിവാക്കി അദ്ദേഹം ചോദിച്ചു.
എന്നിരുന്നാലും, 2019 നു മുന്നോടിയായി പുതിയ സഖ്യങ്ങൾ രൂപപ്പെടുവാനുള്ള സാധ്യതകൾ ഷാ സൂചിപ്പിച്ചു. “സഖ്യങ്ങളിൽ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളുണ്ട്. പാർട്ടികൾ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നു. തിരഞ്ഞെടുപ്പിന് മുൻപായി സഖ്യങ്ങളുണ്ടാക്കുന്നത്, പുതിയവ പോലും, തികച്ചും നിയമാനുസൃതമായ കാര്യമാണ്, അത്, ആര് ആരോടൊപ്പമാണെന്നറിയുവാൻ വോട്ടർമാർക്കവസരം നൽകുന്നു.”
ശരത് പവാർ നയിക്കുന്ന എൻസിപിയെ ബിജെപി തങ്ങളുടെ ഭാവി മുന്നണിപങ്കാളിയായി കാണുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഷാ പുഞ്ചിരിച്ചു. “ഇപ്പോൾ, ഞങ്ങൾ ശിവസേനയുമായി സഖ്യത്തിലാണ്” എന്നായിരുന്നു ഗൂഢാർത്ഥത്തിൽ അദ്ദേഹത്തിന്റെ മറുപടി.
“നോക്കൂ, മോദിജിയ്ക്ക് വിവിധ കക്ഷികളുടെ നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തെ ബിജെപിയുടെ സഖ്യസാധ്യതകളുമായി ആരും കൂട്ടിക്കുഴയ്ക്കേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.
ഗിരീഷ് കുബേർ ലോക്സട്ടയുടെ എഡിറ്ററാണ്