ന്യൂഡല്‍ഹി: ബംഗാളിന് പുറത്തുനിന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുണ്ടകളെ വിലയ്‌ക്കെടുത്തു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍. ബംഗാളിന് പുറത്തുനിന്ന് ഷാ വിലയ്‌ക്കെടുത്ത ഗുണ്ടകളാണ് അക്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തന്നെയാണ് ഗുണ്ടകളെ ഇറക്കിയത്. അക്രമങ്ങളുടെ വീഡിയോ തന്നെ അമിത് ഷാ നുണയനാണെന്ന് അടിവരയിടുന്നുണ്ട്. ഇത് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ നടത്തുകയാണെന്നും ഒബ്രയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ഇതിനു മറുപടിയുമായാണ് ഡെറിക് ഒബ്രയാന്‍ രംഗത്തെത്തിയത്. അക്രമങ്ങള്‍ നടത്തിയത് അമിത് ഷായുടെ ഗുണ്ടകള്‍ തന്നെയാണെന്നും ബിജെപി അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തിരിച്ചടിച്ചു.

Read More: പശ്ചിമ ബംഗാളിലെ അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്: അമിത് ഷാ

അതേസമയം, പശ്ചിമബംഗാളിൽ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ഉറപ്പിച്ചു പറയുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിക്ക് അക്രമസംഭവങ്ങളിൽ യാതൊരു പങ്കുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“ബിജെപി അക്രമം നടത്തിയെന്നാണ് തൃണമൂൽ വാദം. എന്നാൽ തൃണമൂലിനെ പോലെ പശ്​ചിമ ബംഗാളിലെ 42 സീറ്റുകളിൽ മാത്രമല്ല, ഞങ്ങൾ രാജ്യത്തെ എല്ലാ സംസ്​ഥാനങ്ങളിലും മത്സരിക്കുന്നുണ്ട്​. ഞങ്ങള്‍ രാജ്യമെമ്പാടും മത്സരിക്കുന്നുണ്ട്. എന്നാല്‍ അവിടെയൊന്നും അക്രമങ്ങളുണ്ടാവുന്നില്ല. അതിനർഥം ബംഗാളിലെ ആക്രമണങ്ങൾക്കുത്തരവാദി തൃണമൂൽ കോൺഗ്രസാണെന്നാണ്,” അമിത് ഷാ പറഞ്ഞു.

Read More: അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ബംഗാളിൽ വൻ അക്രമം

എൻഡിഎയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രൂപികരിക്കാൻ പോകുന്ന മുന്നണിയെയും അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ പാർട്ടികൾ മുന്നണിയുണ്ടാക്കി ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

പശ്ചിമ ബംഗാളിലുണ്ടായ അക്രമണ സംഭവങ്ങളിൽ ബിജെപി പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്. “സേവ് ബംഗാൾ, സേവ് ഡെമോക്രസി” എന്ന മുദ്രാവാക്യം എഴുതിയ പ്ലേക്കാർഡുകളും ബാനറുകളും ഉയർത്തി നിശബ്ദ പ്രതിഷേധമാണ് ബിജെപി സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരാടക്കം നിരവധി ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

Read More Election News

ചൊവ്വാഴ്ചയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത റോഡ് ഷോ കൊൽക്കത്തയിൽ നടന്നത്. ബിന്ധാൻ സരാണി കോളെജിന് സമീപമാണ് സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികൾ കല്ലെറിയുകയും പിന്നീട് കോളെജ് ഹോസ്റ്റലിന് പുറത്ത് തീയിടുകയും ചെയ്തു. വൈകിട്ട് നാല് മണിയോടുകൂടിയാണ് അമിത് ഷായുടെ റോഡ് ഷോ മധ്യ കൊൽക്കത്തയിൽ നിന്ന് ആരംഭിച്ചത്. നോർത്ത് കൊൽക്കത്തയിലെ വിവേകാനന്ദ ഹൗസിലേക്കായിരുന്നു റാലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook