ന്യൂഡൽഹി: ഒരു രാജ്യം, ഒരു ഭാഷ എന്ന നിലപാടിൽ അയഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ. മാതൃഭാഷ കഴിഞ്ഞാൽ പൊതുവായ ഒരു ഭാഷ വേണമെന്നും അത് ഹിന്ദി ആയിരിക്കണമെന്നുമാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഏകഭാഷാ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് അമിത് ഷാ നിലപാടിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്. ഒരിക്കലും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്ത് നിന്നാണ് വരുന്നതെന്നും മാതൃഭാഷയ്ക്ക് പുറമെ പൊതുവായ ഒരു രണ്ടാം ഭഷ വേണമെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും അമിത് ഷാ വ്യക്തമാക്കി.
ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഭാഷ വേണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഹിന്ദിയ്ക്കാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഇതിനെതിരെ ബിജെപി ഭരിക്കുന്ന കർണാടകയുൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നഡ പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നുമായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പ്രതികരണം.
കേരള മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായുടെ പ്രസ്താവനയെ ശക്തമായി എതിർത്തിരുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയല്ലെന്നും പിന്നെയെങ്ങനെയാണ് ഹിന്ദി രാജ്യത്തെ ഒന്നിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
അതേസമയം ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. “ഏതെങ്കിലും ഇന്ത്യക്കാരന് അമേരിക്കയിലും ബ്രിട്ടണിലും റഷ്യയിലും നിയമവിരുദ്ധമായി താമസിക്കാൻ സാധിക്കുമോ? ഇല്ല, പിന്നെ എങ്ങനെ മറ്റ് രാജ്യത്തുള്ളവർക്ക് ഇന്ത്യയിൽ അത്തരത്തിൽ താമസിക്കാൻ സാധിക്കും. അതുകൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്,” അമിത് ഷാ പറഞ്ഞു.