ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെ, സ്കൂളിലെ വസ്ത്രധാരണരീതി എല്ലാ മതസ്ഥരും അംഗീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതേസമയം, വിഷയം പരിഗണിക്കുന്ന കോടതിയുടെ (കർണാടക ഹൈക്കോടതി) തീരുമാനം എല്ലാവരും പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലാ മതങ്ങളിലുമുള്ള ആളുകളും സ്കൂളിന്റെ വസ്ത്രധാരണരീതി അംഗീകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. ഈ പ്രശ്നം ഇപ്പോൾ കോടതിയിലാണ്, കോടതി ഈ വിഷയത്തിൽ വാദം കേൾക്കുകയാണ്. എന്ത് തീരുമാനമെടുത്താലും എല്ലാവരും അത് അനുസരിക്കണം,” ന്യൂസ് 18 ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.
കർണാടകയിലെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി തീർപ്പുണ്ടാക്കാനിരിക്കെയാണ് ഷായുടെ പരാമർശം. കോളജ് വികസന സമിതി ഡ്രസ് കോഡ് നിർദേശിച്ച സ്ഥാപനങ്ങളിൽ കോടതി വിധി വരുന്നത് വരെ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെക്കുറിച്ചും അമിത് ഷാ സംസാരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് 80-20 പോരാട്ടമാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഷാ സ്വീകരിച്ചു. യോഗിയുടെ പ്രസ്താവന ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള മതപരമായ ഭിന്നതയെ സൂചിപ്പിക്കുന്നതായി വിലയിരുത്തുപ്പെടുന്നു.
“ഈ തിരഞ്ഞെടുപ്പ് മുസ്ലീങ്ങളെയോ യാദവന്മാരെയോ ഹിന്ദുക്കളെയോ കുറിച്ചുള്ളതാണെന്ന് ഞാൻ കരുതുന്നില്ല. യോഗി ജി സംസാരിച്ചത് വോട്ട് ശതമാനത്തെക്കുറിച്ചായിരിക്കാം. മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള കാര്യമല്ലെ,” ഷാ പറഞ്ഞു. യോഗിയുടെ പ്രസ്താവന വിവാദമായിരുന്നു. വർഗീയതയുടെ പേരിൽ വോട്ടർമാരെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് പ്രസ്താവനയെന്നും വിമർശനമുയർന്നിരുന്നു.