ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹം ആശുപത്രി വിട്ട വിവരം ഡല്‍ഹിയിലെ എയിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10.20ഓടെ അദ്ദേഹം ആശുപത്രി വിട്ടതായി എയിംസ് അറിയിച്ചു.
‘പന്നിപ്പനിയില്‍ നിന്നും മുക്തനായി ഇന്ന് രാവിലെ 10.20ന് അമിത് ഷാ ആശുപത്രി വിട്ടു,’ എയിംസ് അധികൃതര്‍ പറഞ്ഞു. ബിജെപിയുടെ ഐടി സെല്‍ ചുമതലയുളള അമിത് മാല്‍വിയയും ഇത് സ്ഥിരീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. ‘പന്നിപ്പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കും,’ അമിത് ഷാ ട്വീറ്റ് ചെയ്തു.
നേരത്തേ അസ്വസ്ഥതകളെ തുടര്‍ന്ന് അമിത് ഷാ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. ബുധനാഴ്ച്ച രാത്രി 9 മണിയോടെയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ ആശുപത്രിയിലെത്തിയത്. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.