ന്യൂഡൽഹി: ശബരിമല വിഷയം പിണറായി സർക്കാർ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ചെറിയ പെണ്‍കുട്ടികളോടും അമ്മമാരോടും വയോധികരോടും മനുഷ്യത്വ രഹിതമായാണ് കേരള പോലീസ് പെരുമാറുന്നത്. ഭക്ഷണം, വെളളം, താമസ സൗകര്യം, വൃത്തിയായ ശൗചാലയങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നും അവർക്ക് ലഭിക്കുന്നില്ലെന്നും അമിത് ഷാ ട്വിറ്ററിൽ പറയുന്നു.

ശബരിമലയിൽ വിശ്രമിക്കാൻ സൗകര്യമില്ലാത്തതുമൂലം പന്നി കാഷ്ഠത്തിനും ചവറ്റു വീപ്പകൾക്കും സമീപത്താണ് അയ്യപ്പ ഭക്തർ രാത്രി മുഴുവൻ വിശ്രമിക്കുന്നതെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണ്. റഷ്യയിലെ ഗുലാഗ് ക്യാമ്പിലെ തൊഴിലാളികളല്ല അയ്യപ്പഭക്തരെന്ന് പിണറായി വിജയൻ മനസ്സിലാക്കണം. ശിക്ഷിക്കുമെന്ന് ഭയപ്പെടുത്തി ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ എൽഡിഎഫിനെ അനുവദിക്കില്ലെന്നും ഷാ പറഞ്ഞു.

കെ.സുരേന്ദ്രൻ അടക്കമുളള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ പ്രക്ഷോഭത്തെ അടിച്ചമർത്താമെന്ന് പിണറായി വിജയൻ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി. ശബരിമല ആചാരത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അയ്യപ്പ വിശ്വാസികൾക്കൊപ്പം ബിജെപി അടിയുറച്ച് നിൽക്കുമെന്നും അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook