പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ ചാണക്യന്റേതിന് സമമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒരു ഭരണാധികാരി തന്റെ രാജ്യത്തെ അവസാനത്തെയാളെയും വികസനമെന്ന പ്രക്രിയയില്‍ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടേണ്ടതെന്ന് ചാണക്യന്‍ ഉദ്‌ബോധിപ്പിക്കുന്നുവെന്നും അതാണ് മോദിയുടേയും നയമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

പ്രധാനമന്ത്രിയുടെ മുദ്രാവാക്യമായ ‘സബ് കാ സാത് സബ് കാ വികാസ്’ എന്നത് ചാണക്യന്റെ ഈ നയത്തോട് സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലത്തില്‍ ചാണക്യന്റെ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് കുടുംബാധിപത്യത്തെ രാഷ്ട്രീയത്തെ കുറിച്ചും അമിത് ഷാ സംസാരിച്ചു. 2,300 വര്‍ഷങ്ങള്‍ക്കുമുന്‍പേ ചാണക്യന്‍ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ തത്വചിന്തകള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്നും അമിത് ഷാ പറഞ്ഞു.

‘ആര്യ ചാണക്യന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഇന്നത്തെ കാഴ്ചപ്പാടില്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അനുകൂല സംഘടനയായ റംഭൗ മ്ഹാല്‍ഗി പ്രബോധിനി (ആര്‍എംപി) ആണ് പരിപാടി സംഘടിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook