ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന പൗരത്വ ഭേദഗതി നിയമം കോവിഡ് വാക്സിനേഷന് ഡ്രൈവ് കഴിഞ്ഞാല്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബി ജെ പി നേതാവും പശ്ചിമബംഗാള്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയ്ക്കാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയത്. ബംഗാളിലെ ബി ജെ പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു സുവേന്ദു അധികാരി. പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ദീര്‍ഘകാലമായി തീരുമാനമാകതെ കിടക്കുന്ന സി എ എയുമായി കോവിഡ് വാക്സിനേഷന്റെ മൂന്നാം ഡോസ് പൂര്‍ത്തിയാകുന്ന മുറയ്ക്കു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്കുശേഷം സുവേന്ദു അധികാരി പറഞ്ഞു.
ഏപ്രിലില്‍ ആരംഭിച്ച മുന്‍കരുതല്‍ ഡോസ് വാക്സിനേഷന് ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായും ബി ജെ പിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും സുവേന്ദു അധികാരി അമിത് ഷായുമായി ചര്‍ച്ച ചെയ്തു. അഴിമതിക്കെതിരെ നടപടിയെടുക്കേണ്ട 100 തൃണമൂല്‍ നേതാക്കളുടെ പട്ടിക താന്‍ നല്‍കിയിട്ടുണ്ടെന്നും അധികാരി പറഞ്ഞു.
2019 ഡിസംബര്‍ 11നാണു സി എ എ പാര്‍ലമെന്റ് പാസാക്കിയത്. പിറ്റേദിവസം വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിയമം സംബന്ധിച്ച ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല.
അതേസമയം, സി എ എ നടപ്പാക്കുമെന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും അമിത് ഷാ പറഞ്ഞിരുന്നു.