ബെംഗളൂരു: കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാരിനെ പുറത്താക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെ നീക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. ഗവര്‍ണര്‍ വഴിയാണ് കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം സമര്‍പ്പിച്ചത്. 17 വിമത എംഎല്‍എമാരെ മുംബൈയിലേക്ക് മാറ്റിയത് അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് യെഡിയൂരപ്പ പറയുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
”17 എംഎല്‍എമാരുടേയും കാര്യത്തിലുള്ള തീരുമാനത്തെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ? അത് യെഡിയൂരപ്പയുടെ മാത്രം തീരുമാനമായിരുന്നില്ല, ദേശീയ അധ്യക്ഷന്റേത് കൂടിയാണെന്ന് ഈ മുറിയിലുള്ള എല്ലാവര്‍ക്കും അറിയാം. അവരെ മുംബൈയിലേക്ക് മാറ്റാനായിരുന്നു നിര്‍ദ്ദേശം. രണ്ടരമാസം അവര്‍ അവിടെ കഴിഞ്ഞു. സ്വന്തം മണ്ഡലങ്ങളിലേക്ക് പോകാന്‍ സാധിക്കാതെ, കുടുംബത്തെ കാണാതെ അവിടെ തന്നെ താമസിച്ചു” എന്ന് യെഡിയൂരപ്പ പറയുന്ന വീഡിയോയാണ് പു്‌റത്തായത്.
വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുകയായിരുന്നു. സ്പീക്കറുടെ തീരുമാനത്തിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അമിത് ഷായും യെഡിയൂരപ്പയും ജനാധിപത്യത്തെ കൊല്ലുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, വീഡിയോ തെളിവായി കോടതിയില്‍ ഹാജരാക്കുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, ബിജെപി എങ്ങനെയാണ് അധികാരത്തേയും പണത്തേയും ദുരുപയോഗം ചെയ്തതെന്ന് വ്യക്തമായെന്നും ഇനി ജനങ്ങളാണ് വിധി നടപ്പിലാക്കേണ്ടത് എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പ്രതികരണം.