ന്യൂഡൽഹി: മദ്രാസ് ഐഐടിയിൽ ആത്മഹത്യചെയ്ത നിലയിൽ​ കണ്ടെത്തിയ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആവശ്യമെങ്കിൽ സിബിഐ അന്വേഷണം ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്തിമയുടെ കുടുംബത്തിനാണ് അമിത് ഷാ ഉറപ്പുനൽകിയത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകി. മാതാപിതാക്കൾ ഇന്നലെ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളെന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ മാസം ഒമ്പതിനാണ് ആത്മഹത്യ ചെയ്ത നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഐഐടി അധികൃതര്‍ പറഞ്ഞത്.

എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണു കുടുംബത്തിന്റെ ആരോപമണം. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

സുദര്‍ശന്‍ പത്മനാഭന്റെ പേര് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണിലുള്ള മറ്റ് കുറിപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി.

ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. കേസ് വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐഐടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook