ന്യൂഡല്‍ഹി : ആര്‍ എസ് എസ് മുഖ്യനും ബിജെപി ദേശീയ പ്രസിഡന്റിനും മോദിയെ പുകഴ്ത്തുവാനും സാമ്പത്തിക വിദഗ്ദ്ധരെ ഇകഴ്ത്തുവാനുമുള്ള അവസരമൊരുക്കുന്നതായിരുന്നു ബുധനാഴ്ച ഡല്‍ഹിയില്‍ നടന്നൊരു പുസ്തക പ്രകാശനവേദി. മോദിയെക്കുറിച്ചെഴുതിയ ‘ദി മേക്കിങ് ഓഫ് ലെജന്‍ഡ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു മോഹന്‍ ഭഗവതും അമിത് ഷായും മോദിയെക്കുറിച്ച് വാചാലരായത്.

മോദി സര്‍ക്കാരിന്‍റെ കീഴില്‍ വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയെ വിമര്‍ശിക്കുന്ന സാമ്പത്തികവിദഗ്ദ്ധര്‍ക്ക് നേരെയായിരുന്നു അമിത് ഷായുടെ പരിഹാസം. “സാമ്പത്തിക വിദഗ്ദ്ധര്‍ തൊഴിലില്ലായ്മയെന്നു മുറവിളിച്ചുകൊണ്ട് എന്‍റെ തലയിലെ അവശേഷിക്കുന്ന മുടിയൊക്കെ പറിചെടുക്കുവാന്‍ ശ്രമിക്കുകയാണ്. അതേ സമയം ആലോചിക്കേണ്ടത് മോദിയേയാണ്. മോദിയാണെങ്കില്‍ തൊഴിലില്ലായ്മയെ വിദഗ്ദ്ധമായ് അഭിമുഖീകരിച്ചുകൊണ്ട് ഗുജറാത്തില്‍ സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും തൊഴില്‍ വൈദഗ്ദ്ധ്യവും വികസിപ്പിക്കുകയും ചെയ്തു.” അമിത് ഷാ പറഞ്ഞു

ഗുജറാത്തിലെ മുഖ്യമന്ത്രി എന്നനിലയില്‍ വിജയകരമായി ഭരിച്ച മോദിക്ക് “ഒന്നേകാല്‍ കോടി ജനതയുടെ ആശീര്‍വാദം ലഭിച്ചു”. ഇപ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് മോദിയെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തില്‍ കാര്‍ഷിക വളര്‍ച്ച കൈവരിക്കാനായ് തൊഴിലില്ലായ്മയുടെയും ജലലഭ്യതകുരവിന്‍റെയും ദുരിതങ്ങള്‍ പരിഹരിച്ചത് മോദിയുടെ വിജയമാണ് എന്നും അമിത്ഷാ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്ത ആര്‍ എസ് എസ് മുഖ്യന്‍ മോഹന്‍ ഭഗവത് നരേന്ദ്രമോദിയെന്ന ‘സ്വയംസേവകനെ’ ഓര്‍ത്തു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയിരിക്കുമ്പോഴും നരേന്ദ്രമോദിയില്‍ ഒരു സ്വയംസേവകന്‍റെ പ്രകൃതം ദൃശ്യമാണ് എന്നായിരുന്നു ആര്‍എസ്എസ് മുഖ്യന്‍റെ പ്രശംസ. ” ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പാലിച്ചുപോന്ന അതേ ചര്യകളാണ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴും ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോഴും മോദി പാലിച്ചുപോവുന്നത്. മോദി ഇന്നെന്താണ് എന്നുള്ളതിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. പക്ഷെ അതിനോടൊപ്പം തന്നെ അദ്ദേഹം പ്രധാനമന്ത്രി ആവുന്നതിനു മുമ്പ് എന്തായിരുന്നു എന്നും തന്‍റെ ആശയങ്ങളോട് അദ്ദേഹം എത്രത്തോളം കൂറുപുലര്‍ത്തിയിരുന്നു എന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ” മോഹന്‍ ഭഗവത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ