കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂലിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് എത്തുമെന്നും മമത ബാനർജിക്ക് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്നും അമിത് ഷാ കൊൽക്കത്തയിൽ പറഞ്ഞു.
ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ മമത സർക്കാരിനെതിരെ അമിത് ഷാ രംഗത്തെത്തിയത്.
“ബംഗാളിൽ അടുത്ത സർക്കാർ ബിജെപിയുടെയായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ 200 ലേറെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തും. നിങ്ങൾ കൂടുതൽ ആക്രമിക്കാനും അടിച്ചമർത്താനും ശ്രമിക്കുംതോറും ബിജെപി കൂടുതൽ കരുത്തോടെ വളരും. തൃണമൂലിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തൃണമൂലിൽ അവശേഷിക്കുന്ന ഏക വ്യക്തി മമത മാത്രമായിരിക്കും,” അമിത് ഷാ പറഞ്ഞു.
Read Also: പാളിച്ചയുണ്ടായി, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടും: ചെന്നിത്തല
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ കൊൽക്കത്തയിൽവച്ച് ആക്രമണമുണ്ടായത് അമിത് ഷാ പ്രത്യേകം ചൂണ്ടിക്കാട്ടി. തങ്ങളുടെ നിരവധി പാർട്ടി പ്രവർത്തകർ ബംഗാളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, രാജ്യത്ത് ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നു. പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 2021 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് ബിജെപി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.