ഭോപ്പാൽ: മധ്യപ്രദേശ് അസ്സംബ്ലി തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് രാഹുൽഗാന്ധി പകൽകിനാവ് കാണുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വത്തിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു.

2014ന് ശേഷമുള്ള പാർട്ടിയുടെ പ്രവർത്തനങ്ങൾ മനസിലാക്കികൊണ്ട് വേണം സംസാരിക്കാനെന്നും അമിത് ഷാ രാഹുലിനോട് അവശ്യപ്പെട്ടു. ആർക്കും പകൽകിനാവ് കാണുന്നതിൽ നിന്നും രാഹുലിനെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ തികഞ്ഞ പരാജയമായിരുന്നെന്ന് അമിത് ഷാ ആരോപിച്ചു.

തിരഞ്ഞെടുപ്പ് തോല്‍വികളില്‍ മാസികനില തെറ്റിയ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ സഖ്യസാധ്യതകള്‍ തേടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിഹസിച്ചു. 125 വർഷം പാരമ്പര്യമുണ്ടെന്നു പറയുന്ന കോണ്‍ഗ്രസ് ഇന്ന് നിലനില്‍പ്പിനായി ചെറിയ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജംബൂരി മൈതാനത്തിൽ നടന്ന സമ്മേളനം ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. പത്ത് ലക്ഷത്തിലധികം പാർട്ടി പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തെന്നും അവർ അവകാധപ്പെടുന്നു. മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർഥം ‘അടൽ മഹാകുംഭ് പരിസർ’ എന്നായിരുന്നു സമ്മേളന നഗരിയുടെ പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook