ചെന്നൈ: മറീന ബീച്ചിൽ നിരാഹാര സമരം തുടങ്ങിയ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിനെ അറസ്റ്റ് ചെ്തു. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ നടന്ന പ്രതിഷേധത്തിനിടെ മർദനമേറ്റെന്നാരോപിച്ചാണ് മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നിരാഹാര സമരം തുടങ്ങിയത്. നിരാഹാരമിരുന്ന മറ്റു എംഎൽഎമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ഡിഎംകെ എംഎൽഎമാർക്ക് മർദനമേറ്റതായിട്ടാണ് സ്റ്റാലിന്റെ ആരോപണം.
നിരാഹാര സമരം തുടങ്ങുന്നതിനു മുൻപായി സ്റ്റാലിനും സംഘവും രാജ്ഭവനിലെത്തി ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കാണുകയും സഭയിൽ നടന്ന കാര്യങ്ങൾ വിശദീകരിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു മുൻപായി സ്റ്റാലിനെയും മറ്റു ഡിഎംകെ എംഎൽഎമാരെയും സ്പീക്കറുടെ നിർദേശപ്രകാരം സഭയിൽനിന്നും ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു. കീറിയ ഷർട്ടുമായാണ് സ്റ്റാലിൻ പുറത്തെത്തിയത്. തന്നെ സുരക്ഷാ വാച്ച് ആൻഡ് ഗാർഡ് മർദിച്ചെന്നും ഷർട്ട് വലിച്ചുകീറിയെന്നും സ്റ്റാലിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘർഷത്തിനിടെ ഡിഎംകെ എംഎൽഎമാർ സ്പീക്കറെ ആക്രമിച്ചെന്ന വാർത്ത സ്റ്റാലിൻ നിഷേധിച്ചു.
122 എംഎൽഎമാരുടെ പിന്തുണയോടെ എടപ്പാടി പളനിസാമി ഇന്നു നിയമസഭയിൽ വിശ്വാസ വോട്ട് നേടിയിരുന്നു. വോട്ടെടുപ്പ് സമയത്ത് 133 എഐഎഡിഎംകെ എംഎൽഎമാർ മാത്രമാണ് സഭയിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേർ എതിർത്ത് വോട്ട് ചെയ്തു. സംഘർഷം മൂലം രണ്ടു തവണ സഭ നിർത്തിവച്ചിരുന്നു. മൂന്നാംതവണ സഭ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പ് നടന്നത്.